കൊല്ലപ്പെട്ട ഹിമാനി (ഇടത്) , ചിത്രം : x.com/srinivasiyc
ഹരിയാനയിലെ റോഹ്തകില്‍ സ്യൂട്ട്കെയ്സില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകയുടേതെന്ന് പാര്‍ട്ടി നേതൃത്വം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര റോഹ്തകിലെത്തിയപ്പോള്‍ അനുഗമിച്ച ഹിമാനി നര്‍വാളാണ് കൊല്ലപ്പെട്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എയായ ഭരത് ഭൂഷണ്‍ ബത്രയാണ് വെളിപ്പെടുത്തിയത്. ഹൂഡയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു നര്‍വാള്‍.
റോഹ്തഹിലെ ദേശീയപാതയോരത്ത് നിന്നുമാണ് അസ്വാഭാവികമായ സാഹചര്യത്തില്‍ നീല സ്യൂട്ട്കെയ്സ് കണ്ടെത്തിയത്. ഇത് തുറന്ന് നോക്കിയവര്‍ 20–22 വയസുപ്രായമുള്ള യുവതിയുടെ ജഡം കണ്ടെത്തുകയായിരുന്നു. മുഖം ദുപ്പട്ട കൊണ്ട് മറച്ച നിലയിലായിരുന്നു. കൈകളില്‍ മെഹന്ദിയുമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകമാണെന്ന സംശയം ഉടലെടുത്തത്.
ഹിമാനിയെ കൊന്ന് മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സാംപ്ല പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജേന്ദ്ര സിങും വ്യക്തമാക്കി. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിന്‍റെ അടയാളങ്ങള്‍ മൃതദേഹത്തിലുണ്ട്. പരിസര പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹരിയാനയിലെ നേതാക്കള്‍ ആവശ്യപ്പെട്ടു.