afan-farsu-afsan

ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തനിക്ക് അമ്മയോടും അനുജനോടും കാമുകിയോടുമായിരുന്നുവെന്ന് വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥരോടാണ് അഫാന്‍റെ തുറന്ന് പറച്ചില്‍. കടം വലിയ തോതില്‍ കൂടിയതോടെ കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഫാന്‍ പറയുന്നു. 

'ആദ്യം അമ്മയെ കൊലപ്പെടുത്തി. അമ്മ മരിച്ചുവെന്നാണ് കരുതിയത്. ഇതോടെ മറ്റുള്ളവരെ കൊല്ലുകയായിരുന്നു'. അമ്മയും അനുജനും കാമുകിയുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ലെന്നും കുടുംബത്തിലെ മറ്റുള്ളവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.

കടത്തിന്‍റെ പേരില്‍ പിതാവിന്‍റെ അമ്മയും സഹോദരനും ഭാര്യയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇത് ജീവിതം ദുസ്സഹമാക്കിയെന്നും അഫാന്‍ കൂട്ടിച്ചേര്‍ത്തു. അമ്മ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുന്‍പാണ് താന്‍ അറിഞ്ഞതെന്നും അഫാന്‍ അവകാശപ്പെടുന്നു. അമ്മ മരിക്കാത്തതില്‍ സങ്കടമുണ്ടെന്നും അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്നും താനും മരിക്കുമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 

കൊലപാതകങ്ങള്‍ ഇങ്ങനെ..

ഫെബ്രുവരി 24–ാം തീയതി രാവിലെ മുതലാണ് അഫാന്‍ കൊലപാതകം ആരംഭിച്ചത്. രാവിലെ ഉമ്മയോട് പണം ചോദിച്ചു. ഇത് ലഭിക്കാതെ വന്നതോടെ ഉമ്മ ഷെമീനയെ ഷാളുകൊണ്ട് കഴുത്തില്‍ കുരുക്കി നിലത്തടിച്ചു. രക്തം വാര്‍ന്നൊഴുകുന്നത് കണ്ടപ്പോള്‍ മരിച്ചെന്ന് കരുതി അഫാന്‍ വീട് പൂട്ടി പുറത്തുപോയി. പിന്നീട് വെ‍ഞ്ഞാറമ്മൂട്ടിലെ ധനകാര്യ സ്ഥാപനത്തിലെത്തി അവിടെ നിന്ന് പണം കടം വാങ്ങി ,പുറത്ത് നിന്ന് ചുറ്റികയും ബാഗും വാങ്ങി മുത്തശിയുടെ വീട്ടിലെത്തി. ഇവിടെ എത്തി പണയം വയ്ക്കാന്‍ മാല ചോദിച്ചു. നല്‍കില്ലെന്ന്  പറഞ്ഞതോടെ മുത്തശിയെ കൊന്ന് സ്വര്‍ണമാല കൈക്കലാക്കി. 

മാല വെഞ്ഞാറമ്മൂട്ടിലെ ധനകാര്യസ്ഥാപനത്തിലെത്തിച്ച് പണയം വച്ച് നാലുപേരുടെ കടം വീട്ടി. അവിടെ നിന്ന് പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലെത്തിയ അഫാന്‍ ലത്തീഫിനെയും ഭാര്യ സാജിതയെയും വകവരുത്തി. പിന്നീടാണ് വീട്ടിലെത്തി അമ്മയെ വീണ്ടും ചുറ്റികയ്ക്കടിച്ച് ഇറങ്ങി. പിന്നീട് കാമുകിയായ ഫര്‍സാനയെ കൂട്ടിക്കൊണ്ട് വന്ന ശേഷം ചുറ്റികയ്ക്കടിച്ച് കൊന്നു. പിന്നാലെ മദ്യത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചു. ഇതിനിടെ കുഴിമന്തി വാങ്ങിയെത്തിയ അനുജന്‍ അഫ്സാനെയും കൊന്നു. ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. 

ആറുമണിക്കൂറിനുള്ളിലാണ് അഞ്ച് പേരെ അഫാന്‍ കൊന്നുതള്ളിയത്. 100 കിലോമീറ്ററുകള്‍ സ‍ഞ്ചരിച്ചായിരുന്നു ക്രൂരകൃത്യം. ഇതിലൊന്നും ഒരിക്കല്‍ പോലും പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നതും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Venjaramoodu multiple murder case accused Afan confesses to jail officials, revealing his initial plan for a family suicide. Debt pressure led to the tragic killings