photograph: Metropolitan police/PA
ഉപരിപഠനത്തിനായി യു.കെയിലെത്തിയ ശേഷം പത്തിലേറെ സ്ത്രീകളെ നാല് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചൈനീസ് യുവാവ് അറസ്റ്റില്‍. ജിന്‍ഹൗ സൗ എന്ന 28കാരനാണ് അറസ്റ്റിലായത്. പീഡിപ്പിക്കപ്പെട്ടവരില്‍ ഒന്‍പത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും സ്വകാര്യ വിഡിയോകളും ഇയാള്‍ പകര്‍ത്തിയതായും പൊലീസ് കണ്ടെത്തി. ഇവര്‍ക്ക് പുറമെ അന്‍പതിലേറെ സ്ത്രീകള്‍ യു.കെയിലും ചൈനയിലുമായി സൗവിന്‍റെ പീഡനത്തിനിരയായെന്നാണ് പൊലീസിന്‍റെ സംശയം. ലൈംഗികപീഡനത്തിന്‍റെയും വൈകൃതങ്ങളുടെയും 1270 വിഡിയോകള്‍ പൊലീസ് കണ്ടെടുത്തു. 1660 മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറയുന്നു. ഇതില്‍ 58 വിഡിയോകള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് മാത്രമാണ്.
ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തുന്ന സ്ത്രീകളെ മദ്യപിക്കുന്നതിനായി സൗ ക്ഷണിക്കും. മദ്യം നല്‍കി വശത്താക്കിയ ശേഷം ഫ്ലാറ്റിലെത്തിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്ത് വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പില്‍ വ്യാജ പേരാണ് സൗ ഉപയോഗിച്ചിരുന്നതെന്നും സഹവിദ്യാര്‍ഥികളെയും പീഡനത്തിനിരയാക്കിയെന്നും പൊലീസ് പറയുന്നു.
2023 മേയ് 18 ന് മദ്യം നല്‍കിയ ശേഷം സൗവിന്‍റെ മുറിയിലെത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നും വീട്ടില്‍ പോകാന്‍ അനുവദിച്ചില്ലെന്നും അതിജീവിതകളിലൊരാള്‍ കോടതിയില്‍ വെളിപ്പെടുത്തി. മറ്റൊരു പെണ്‍കുട്ടി തന്നെ ഉപദ്രവിക്കരുതെന്ന് സൗവിനോട് കെഞ്ചുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബലാല്‍സംഗക്കുറ്റത്തിന് പുറമെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ആള്‍മാറാട്ടത്തിനും ലൈംഗികക്കുറ്റം ചെയ്യുന്നതിനായി ലഹരി സൂക്ഷിച്ചതിനുമടക്കം സൗവിനെതിരെ കേസെടുത്തു. ബലാല്‍സംഗം ചെയ്യുന്നത് താന്‍ ആസ്വദിച്ചിരുന്നുവെന്ന് വിചാരണയ്ക്കിടെ സൗ സമ്മതിച്ചു. എല്ലാമാസവും താന്‍ പുതിയ അഞ്ച് ലൈംഗിക പങ്കാളികളെ ഉണ്ടാക്കിയിരുന്നുവെന്നും സൗ പറയുന്നു.
ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ് സൗവെന്നും എല്ലാ സ്ത്രീകളുടെയും ദുസ്വപ്നമാണെന്നും സൗവിനാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീ മൊഴി നല്‍കി. സ്ഥിരം ബലാല്‍സംഗിയും സ്ത്രീകളെ വേട്ടയാടി പിടിക്കുന്നയാളുമാണ് സൗവെന്നും ക്രൂരനാണെന്നും യുവതിയുടെ മൊഴിയില്‍ വിശദീകരിക്കുന്നു. പീഡിപ്പിക്കപ്പെട്ട യുവതികളിലൊരാള്‍ ധൈര്യം സംഭരിച്ച് പരാതി നല്‍കിയതോടെയാണ് ക്രൂരപീഡനം പുറംലോകം അറിഞ്ഞത്. ഇതോടെയാണ് മറ്റ് സ്ത്രീകളും പരാതി നല്‍കിയത്. എന്നാല്‍ അന്‍പതിലേറപ്പേര്‍ ഇനിയും പരാതി നല്‍കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ പരാതിയില്‍ ചൈനയില്‍ നിന്ന് ലണ്ടനില്‍ മടങ്ങിയെത്തിയതിന് പിന്നാലെ സൗ വിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2017ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് സര്‍വകലാശാലയില്‍ പഠിക്കുന്നതിനായാണ് സൗ ആദ്യമായി യു.കെയിലെത്തിയത്. പിന്നീട് യുസിഎല്ലില്‍ പഠനം തുടരുകയായിരുന്നു.