പൊലീസ് പരിശോധന കര്‍ശനമായി തുടരുമ്പോളും കൊച്ചിയില്‍ ലഹരി തലയ്ക്ക്പിടിച്ച് യുവാക്കളുടെ അതിക്രമങ്ങള്‍ തുടര്‍ക്കഥ. പൊലീസിനെ വെല്ലുവിളിച്ച് ബൈക്കില്‍ പാഞ്ഞ യുവാക്കളും ലഹരിമരുന്ന് വില്‍പനക്കാരും പൊലീസിന്‍റെ രാത്രി പരിശോധനയില്‍ കുടുങ്ങി. തൃപ്പൂണിത്തുറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ മൂക്കിന്‍റെ പാലം ഇടിച്ചു തകര്‍ത്ത അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
നഗരത്തിന്‍റെ മുക്കിലും മൂലയിലും ലഹരിതലയ്ക്ക്പിടിച്ച യുവാക്കളുടെ പരാക്രമമാണ്. നാട്ടുകാരെയും പൊലീസിനെയും ആക്രമിക്കുന്ന സംഭവങ്ങളും തുടര്‍ക്കഥ. മരടില്‍ ലഹരിയില്‍ യുവാക്കള്‍ അഴിഞ്ഞാടിയത് കഴിഞ്ഞ ദിവസം. ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ചേപ്പനം സ്വദേശിയുടെ ഷോ ഇന്നലെ രാത്രി. രാത്രികാലങ്ങളിലടക്കം പരിശോധന കര്‍ശനമാക്കി നഗരത്തില്‍ ആഴ്ന്നിറങ്ങിയ ലഹരിമാഫിയയുടെ വേരുകള്‍ അറുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
പൊലീസ് പുല്ലാണെന്ന് പ്രഖ്യാപിച്ച് നഗരത്തില്‍ കറങ്ങിയ യുവാക്കളും ലഹരിമരുന്നുമായി നാലു പേരെയും രാത്രി പിടികൂടി. പെണ്‍സുഹൃത്തിനെ പിരിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ തുടര്‌ച്ചയായാണ് തൃപ്പൂണിത്തുറ ചിന്മയ സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ കൂട്ടമായി മര്‍ദിച്ചത്. തിങ്കളാഴ്ട സ്കൂളില്‍വെച്ചുണ്ടായ മര്‍ദനത്തിന്‍റെ വിവരം ഇന്നലെ മാത്രമാണ് ഹില്‍പാലസ് പൊലീസിനെ അറിയിച്ചത്. തൊട്ടുപിന്നാലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും സൗഹൃദത്തിലായിരുന്നു. ഇതില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ഥി പിന്‍മാറിയതിന്‍റെ കാരണം തിരക്കിയതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ സഹപാഠിയായ പത്താംക്ലാസുകാരന് നേരെയുളള ആക്രമണം. മര്‍ദന വിവരം സ്കൂള്‍ അധികൃതരും ആശുപത്രി അധികൃതരും മറച്ചുവെച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് മണിക്കൂറിന് ശേഷമാണ് മര്‍ദനമേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്.