ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. ചേർത്തല ടൗൺ എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക എൻ.ആർ. സീതയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ചില രക്ഷിതാക്കളുടെയുടെയും പേരിലാണ് എൻ.ആർ സീത വ്യാജമായി ശമ്പള സർട്ടിഫിക്കറ്റ് നിർമിച്ചത്. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്എഫ്ഇയിൽ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം. നാലു രക്ഷിതാക്കളുടെ പേരിൽ വ്യാജരേഖയുണ്ടാക്കി 35 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. സ്കൂളിലെ നാല് അധ്യാപകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയതോടെയാണ് വ്യാജരേഖ തട്ടിപ്പ് പുറത്തറിഞ്ഞത്. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സജീവ പ്രവർത്തകയാണ് ഇവർ. പി.ടി.എയും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ശമ്പള സർട്ടിഫിക്കറ്റിനെപ്പറ്റി അന്വേഷിക്കാൻ കെ.എസ്.എഫ്.ഇയിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തട്ടിപ്പിന്‍റെ സൂചന ലഭിച്ചത്. പൊലിസ് കേസെടുത്തതോടെയാണ് സീതയെ സസ്പെൻറ് ചെയ്തത്. ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് പൊലിസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതിയുണ്ട്. പിടിഎ ഫണ്ട് വിനിയോഗത്തിലും സംശയങ്ങൾ ഉയർന്നതോടെ അതും പരിശോധിക്കുന്നുണ്ട്.