വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ഇന്ന് തെളിവെടുപ്പ് . പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. അതിനാൽ ആ കേസിന്റെ തെളിവ് ശേഖരണമാണ് ഇന്ന് പ്രധാനമായി നടത്തുന്നത്. സൽമാബീവിയെ കൊലപ്പെടുത്തിയ പാങ്ങോട് ഉള്ള വീട്ടിലും അവിടെനിന്ന് കൈവശപ്പെടുത്തിയ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും ഉൾപ്പെടെ എത്തിച്ചു തെളിവെടുക്കും.
തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷ ഒരുക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ ചോദ്യം ചെയ്യലിൽ അഫാൻ കുറ്റം സമ്മതിച്ചിരുന്നു. കടബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന മൊഴിയാണ് അഫാൻ ആവർത്തിച്ചത്. കടബാധ്യതയിൽ പരിഹസിച്ചതും സഹായിക്കാതിരുന്നതുമാണ് മുത്തശ്ശി ഉൾപ്പെടെ കൊല്ലാൻ കാരണമെന്നും പറഞ്ഞിരുന്നു. മറ്റു കേസുകളിൽ വരുന്ന ദിവസങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.