ഇടുക്കി നെടുങ്കണ്ടത്ത് കുടിവെള്ളത്തിൽ സാമൂഹിക വിരുദ്ധർ കീടനാശിനി കലക്കി. തേഡ് ക്യാമ്പ് സ്വദേശി പുല്ലൻ തുണ്ടത്തിൽ ജെസിയുടെ കുളത്തിലാണ് കീടനാശിനി കലക്കിയത്. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തേഡ് ക്യാമ്പ് സ്വദേശികൾ 45 വർഷമായി കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളമാണിത്. ഇന്ന് രാവിലെയാണ് കുളത്തിനുള്ളിൽ വ്യാപകമായി കീടനാശിനി കുപ്പികൾ കണ്ടത്. വെള്ളം പതഞ്ഞ് പൊന്തിയ നിലയിലായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിൽ പ്രദേശത്ത് വ്യാപകമായി ഒഴിഞ്ഞ കുപ്പികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.
ജെസി വിവരമറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനിയുടെ കുപ്പികളാണ് കുളത്തിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.