കര്‍ണാടകയിലെ ഹംപിയില്‍ വിദേശിയടക്കം രണ്ടു വിനോദ സഞ്ചാരികളെ കൂട്ടബലാല്‍സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി ഹംപി പൈതൃക കേന്ദ്രത്തിനു സമീപമുള്ള സനാപൂര്‍ തടാകക്കരയില്‍ വിശ്രമിക്കുകയയിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെ ആക്രമിക്കുകയായിരുന്നു. അതിക്രമം തടഞ്ഞ സംഘത്തിലെ പുരുഷന്‍മാരെ അക്രമികള്‍ കനാലിലേക്കു തള്ളിയിട്ടു. ഇവരില്‍ ഒരാളെ കാണാതായി.
27 വയസുള്ള ഇസ്രായേലുകാരി, ഇവര്‍ താമസിച്ചിരുന്ന ഹോം സ്റ്റേ നടത്തിപ്പുകാരിയായ 29 കാരി എന്നിവരാണു ബലാല്‍സംഗത്തിനിരയായത്. വ്യാഴാഴ്ച രാത്രി ഹോം സ്റ്റേ നടത്തിപ്പുകാരിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സനാപൂര്‍ തടാകക്കരയില്‍ എത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇവരെ സമീപിച്ച മൂന്നുപേര്‍ പണം ആവശ്യപ്പെട്ടു. തുടര്‍ന്നു വാക്കേറ്റമായി.
സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ അടക്കം മൂന്നുപേരെ അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. കനാലിലേക്ക് വീണ ഒഡിഷ സ്വദേശിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സ്ഥലത്തെത്തിയ ഗംഗാവലി പൊലീസ് ആറു സംഘങ്ങള്‍ രൂപീകരിച്ചു തിരച്ചില്‍ തുടങ്ങി.