ഇരിക്കൂര്‍ പടിയൂരില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. വയനാട് പേര്യ ഇരുമനത്തൂർ കാലിമന്ദം ഉന്നതിയിലെ രജനിയെയാണ് തിങ്കളാഴ്ച രാവിലെ കശുമാവിന്‍ത്തോട്ടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രജനിയുടെ ഭർത്താവ് പേര്യ മടത്തിൽ എ.കെ.ബാബുവിനെ അറസ്റ്റ് ചെയ്തു. രജനിയുടെ ശരീരത്തിൽ പതിമൂന്നിടങ്ങളില്‍ പരുക്കുണ്ടെന്നാണു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്.
തലപിടിച്ച് തറയിലിടിച്ചും ചവിട്ടിയുമാണ് രജനിയെ ബാബു കൊലപ്പെടുത്തിയത്. ശക്തമായ ചവിട്ടേറ്റ് രജനിയുടെ കരളിന് ഗുരുതരമായി പരുക്കേറ്റു. തലച്ചോറിനും സാരമായ പരുക്കുണ്ട്. ഇതുരണ്ടുമാണ് മരണകാരണം. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ബാബുവും രജനിയോട് വഴക്കിട്ടെന്നും അതാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറയുന്നു.
ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ബാബുവിനെതിരെ കൊലക്കുറ്റം ചുമത്തി. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു മാസം മുൻപാണ് ഇരുവരും ഊരത്തൂരിൽ എത്തിയത്. ബ്ലാത്തൂർ സ്വദേശി പാട്ടത്തിനെടുത്ത തോട്ടത്തിൽ തൊഴിലാളികളായിരുന്നു ഇരുവരും.