Gang-rape

കോളജ് വിദ്യാര്‍ഥിനിയെ ഒന്നര വര്‍ഷം ഏഴുപുരുഷന്‍മാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തെന്ന് പൊലീസ്. ഗുജറാത്തിലെ ബാണസ്കന്ദ ജില്ലയിലാണ് സംഭവം. വസ്ത്രം മാറുന്നതിന്‍റെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ്  ഏഴംഗ സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവന്നിരുന്നതെന്ന് പൊലീസ് പറയുന്നു. 

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സ്വകാര്യ ദൃശ്യം സമൂഹമാധ്യമങ്ങളില്‍  പങ്കുവയ്ക്കുമെന്ന് ഭീണിപ്പെടുത്തി പലയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു. തുടര്‍ന്ന് അതേ വിഡിയോ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, സുഹൃത്തുക്കള്‍ക്കും കാഴ്ച വച്ചു. 2023 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പൊലീസ് പറയുന്നു. കേസിലെ ഒന്നാം പ്രതി സുഹൃത്തിന് വിഡിയോ വാട്സാപ്പില്‍ അയച്ചു നല്‍കി. ഇയാളില്‍ നിന്ന് മറ്റുള്ളവര്‍ക്കും വിഡിയോ ലഭിച്ചു. 

പിന്നാലെ ഇത് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചെന്നും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തിന് വിഡിയോ ലഭിച്ചതോടെയാണ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ച വിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്.  നാട്ടുകൂട്ടം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തുവെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.  പ്രതികള്‍ക്കെതിരെ ബലാല്‍സംഗക്കുറ്റത്തിന് പുറമെ ഐടി ആക്ടും ചുമത്തിയിട്ടുണ്ട്.

ENGLISH SUMMARY:

College student in Gujarat’s Banaskantha district was blackmailed and sexually assaulted by seven men for 18 months. The accused used secretly recorded footage to threaten the victim.