തിരുപ്പൂര്‍ അവിനാശിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍. 82കാരനായ പളനിച്ചാമിയും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ രമേശാണ് പിടിയിലായത്.
രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും പളനിച്ചാമിയേയും ഭാര്യയേയും പുറത്ത് കാണാതിരുന്നതോടെയാണ് അടുത്തുള്ളവര്‍ വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഇരുവരേയും കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയും ബന്ധുവുമായ രമേശിലേക്ക് എത്തിയത്. രമേശ് കോഴി, ആട് തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തിയാണ് ഉപജീവനം നടത്തുന്നത്. ഇടയ്ക്കിടെ കോഴി പളനിച്ചാമിയുടെ തോട്ടത്തില്‍ കയറുന്നത് പതിവാണ്. ഇതിന്‍റെ പേരില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും തര്‍ക്കമുണ്ടായി. ഇത് പിന്നീട് ഇരട്ടക്കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രമേശ് യാത്രയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരുക്കേറ്റു. ഇയാള്‍ നിലവില്‍ തിരുപ്പൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.