കൊച്ചി തമ്മനത്ത് എക്സൈസ് പിടികൂടിയ ലഹരികടത്ത് പ്രതി തമ്മനം സ്വദേശി റോണി സക്കറിയ മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്നയാള്‍. ഇടപ്പള്ളി മാളിലെ സ്പോര്‍ട്സ് ഷോപ്പ് മാനേജറായ റോണി രാവിലെ ജോലിക്ക് ശേഷം വൈകീട്ട് ഏഴു മണിയോടെയാണ് ലഹരിമരുന്ന് കച്ചവടമെന്ന് എക്സൈസ് കണ്ടെത്തി. ലഹരി ആവശ്യമുണ്ടെന്ന വ്യാജേന എക്സൈസ് നടത്തിയ പ്ലാനിങിലാണ് പ്രതി പിടിയിലാകുന്നത്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്ന സ്ഥിരം കച്ചവചക്കാരനാണ് റോണി സക്കറിയ. ബെംഗളൂരുവില്‍ നിന്നും 20-50 ഗ്രാം വരുത്തി ഫോണിലൂടെ ചെറിയ ഓര്‍ഡറുകളായി ചെറുപ്പക്കാര്‍ക്ക് എത്തിക്കുന്നതാണ് പ്രതിയുടെ രീതി. ലഹരി ചെറുപാക്കറ്റിലായി 5,000-10,000 രൂപ നിരക്കിലാണ് വിറ്റഴിക്കുന്നത്. തമ്മനം, കത്രിക്കടവ്, പാലാരിവട്ടം ഭാഗങ്ങളില്‍ സ്കൂള്‍–കോളജ് വിദ്യാര്‍ഥികള്‍ക്കാണ് പ്രതി ഇത്തരത്തില്‍ ലഹരി വിതരണം നടത്തിയിട്ടുണ്ട്.
സ്കൂള്‍ കോളജ് വിദ്യാര്‍ഥിള്‍ക്ക് ലഹരി നല്‍കുന്നയാള്‍ എന്ന വിവരം ലഭിച്ചതോടെ 2-3 ദിവസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു റോണി സക്കറിയ. ഇന്നലെ രാത്രി ലഹരി കൊടുക്കാന്‍ ഇറങ്ങിയ സമയത്താണ് പിടിയിലാകുന്നത്. എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന് മുഖേന പ്രതിയെ ബന്ധപ്പെട്ടു.
പലസ്ഥലങ്ങളിലായി ലഹരി നല്‍കാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. മാളില്‍ വച്ച് കൈമാറാമെന്നും പ്രതി എക്സൈസിനെ അറിയിച്ചു. ഒടുവില്‍ തമ്മനത്ത് നിന്നാണ് പ്രതി പിടിയിലാകുന്നത്. രണ്ടര ഗ്രാം എംഡിഎംഎയും നാല്‍പത് ഗ്രാം കഞ്ചാവുമാണ് പിടിയിലാകുന്ന സമയത്ത് റോണി സക്കറിയയുടെ കൈവശമുണ്ടായിരുന്നത്. എക്സൈസ് കസ്റ്റഡിയിലിരിക്കെ 5-6 വിദ്യാര്‍ഥികളാണ് ലഹരി ആവശ്യപ്പെട്ട് റോണി സക്കറിയുടെ ഫോണിലേക്ക് ബന്ധപ്പെട്ടത്.
പകല്‍ സമയത്ത് ഷോപ്പിലെ ജോലി ചെയ്തിരുന്ന പ്രതി രാത്രി 7 മണിക്ക് ശേഷം മാത്രമാണ് ലഹരി ബിസിനസിലേക്ക് കടക്കുന്നത്. മാളില്‍ വച്ചും പ്രതി ലഹരി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. ലഹരി ആവശ്യപ്പെട്ട് വിളിച്ച എക്സൈസ് ഉദ്യോഗസ്ഥരോട് മാളിലേക്ക് എത്താന്‍ പ്രതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് അഞ്ച് ദിവസം മുന്‍പ് എത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയുടെ അവസാനത്തെ പങ്കാണ് കയ്യില്‍ നിന്ന് പിടികൂടിയത്.
കോവിഡ് കാലത്താണ് പ്രതി ലഹരി ഉപയോഗം തുടങ്ങുന്നതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. മദ്യം ലഭിക്കാതായതോടെ ലഹരിയിലെത്തി. ഉപയോഗം തുടങ്ങിയ റോണി ലഹരിമാഫിയ സംഘത്തിന്‍റെ കണ്ണിയായി വില്‍പന തുടങ്ങിയെന്നാണ് എക്സൈസിന്‍റെ കണ്ടെത്തല്‍.