രാസലഹരിയുടെ ഹോട്ട് സ്പോട്ടായി കോഴിക്കോട്ടെ താമരശേരി മാറുന്നതായി സൂചന. ഒരു വർഷത്തിനിടയിൽ താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 122 ലഹരി കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ലഹരിക്ക് അടിമപ്പെട്ട് കുടുംബാംഗങ്ങളോപ്പോലും ആക്രമിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
ഒരുമാസം മുമ്പാണ് ലഹരിക്കടിമയായ മകൻ കാന്‍സര്‍ രോഗിയായ ഉമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം സഹോദരനെ വാളെടുത്ത് വെട്ടാന്‍ അനുജനെ പ്രേരിപ്പിച്ചതും ലഹരിയായിരുന്നു. വീടിന് പുറത്ത് സി സി ടിവി വച്ചതിന്റ പേരില്‍ സമീപത്ത് താവളമാക്കിയ ലഹരിമാഫിയ ഗൃഹനാഥനെ മര്‍ദിച്ചതും അടുത്തകാലത്താണ്. ഏറ്റവും ഒടുവില്‍ പൊലീസിനെ കണ്ട് കൈയിലിരുന്ന കഞ്ചാവും എം ഡി എംഎയും വിഴുങ്ങി മരിച്ച ഷാനിദും താമരശേരിക്കാരനാണ്.
താമരശ്ശേരി പൊലീസ് മാത്രം ഒരുവര്‍ഷം രജിസ്റ്റർ ചെയ്തത് 74 കേസുകളാണ്. ഇതിൽ 20 എണ്ണം എം.ഡി.എം.എ വലിയ തോതില്‍ പിടികൂടിയ കേസാണ്. 48 കേസുകള്‍ എക്സൈസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നാ്ണ് ഇവിടേക്ക് രാസലഹരി ഏറെയും ഒഴുകുന്നത്. ലഹരിക്ക് അടിമപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടുന്നതിലും ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിലും നാട്ടുകാരും ആശങ്കയിലാണ്.