കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യു മുന്‍പും കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരനായ മനോജിന്‍റെ വെളിപ്പെടുത്തല്‍. ബിസിനസ് തകര്‍ക്കാന്‍ ശേഷിയുള്ള ഉദ്യോഗസ്ഥനായതിനാല്‍ വഴങ്ങേണ്ടി വന്നു. കൈക്കൂലി വാങ്ങി പുതിയ ഏജന്‍സികള്‍ക്ക് ഉപഭോക്താക്കളെ മാറ്റി നല്‍കിയിട്ടുണ്ടെന്നും ഇത്തരത്തില്‍ ഇടുക്കിയിലെ ഏജന്‍സിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അറിവെന്നും മനോജ് മനോരമന്യൂസിനോട് പറഞ്ഞു. ഐഒസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും അവസരം ലഭിച്ചില്ലെന്നും മനോജ് വ്യക്തമാക്കി. ഏജന്‍സി മാറ്റത്തിലൂടെ നൂറുകണക്കിന് ഉപഭോക്താക്കളെയും ഉദ്യോഗസ്ഥന്‍ ദ്രോഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്തു നിന്നും കാറോടിച്ച് തിരുവനന്തപുരത്ത് ഗ്യാസ് ഏജൻസി ഉടമയായ മനോജിന്‍റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു വിജിലൻസിന്‍റെ പിടിയിലായത്. കൈക്കൂലിയായി അവശ്യപ്പെട്ട 10 ലക്ഷത്തിൽ രണ്ട് ലക്ഷം വാങ്ങുന്നതിനിടെയാണ് പിടിവീണത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗ്യാസ് ഏജൻസിയിൽ നിന്നും ഉപഭോക്താക്കളെ മറ്റു ഏജൻസിയിലേക്ക് മാറ്റാതിരിക്കുന്നതിനാണ് 10 ലക്ഷം രൂപ അലക്സ് മാത്യു ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ അലക്സ് മാത്യു കുറച്ചു ഉപഭോക്താക്കളെ മാറ്റി. കൈക്കൂലി നൽകാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തി. ഇന്നലെ രാവിലെ വിളിച്ച്, താൻ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അപ്പോൾ പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് മനോജ് വിജിലൻസിനെ വിവരം അറിയിച്ചത്. അലക്സ് മാത്യു 2013 മുതൽ തന്നിൽ നിന്നും പണം വാങ്ങുന്നുണ്ട് എന്ന് പരാതിക്കാരൻ മൊഴി നല്‍കി.
അലക്സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും വിജിലൻസ് സംഘം ഒരു ലക്ഷം രൂപ കണ്ടെടുത്തു. തിരുവനന്തപുരത്ത് തന്നെ മറ്റൊരാളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണെന്ന സംശയത്തിൽ അന്വേഷണം നടത്തിവരുന്നതായി വിജിലൻസ് അറിയിച്ചു. അലക്സ് മാത്യുവിന്‍റെ എറണാകുളത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. ഇവിടെ നിന്നും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഏഴ് മദ്യക്കുപ്പികളും 29 ലക്ഷത്തിന്‍റെ നിക്ഷേപ രേഖകളും വിജിലന്‍സ് കണ്ടെടുത്തു.