ജയില്‍ ചിത്രം; ഫയല്‍
കേരളത്തിലെ ജയിലുകളിലൂടെയും കഞ്ചാവും ഹാഷിഷും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമടക്കം സുഗമമായി ഒഴുകുന്നുവെന്ന മുന്‍ വിചാരണതടവുകാരന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ മാത്രമേ കേള്‍ക്കാനാകൂ. ജയിലുകളിലേക്കെത്തുന്ന പുതിയ തടവുകാരും പച്ചക്കറിവാഹനങ്ങളും കടത്തുകാരാകുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബന്ധുക്കളടക്കം പലപ്പോഴും ലഹരിക്കായി നീക്കുപോക്കുകളില്‍ പങ്കാളികളാകും.
വിയ്യൂര്‍ ജയിലിലെ മുന്‍ വിചാരണ തടവുകാരനായ ജീമോനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തടവുപുള്ളികളെ കാണാനായി ബന്ധുക്കളും സുഹൃത്തുക്കളുമെത്തും. തടവുകാര്‍ക്കായി ഇവര്‍ കൊണ്ടുവരുന്ന ബര്‍മുഡകളില്‍ രഹസ്യഅറകള്‍ തുന്നിച്ചേര്‍ത്തിരിക്കും, അതിനുള്ളിലാണ് ബീഡി, കഞ്ചാവ്, എംഡിഎംഎ എന്നിവ കടത്തുന്നത്. താനും വിചാരണത്തടവുകാരനായിരിക്കേ രണ്ടു പുകയെടുക്കാന്‍ തന്നിട്ടുണ്ടെന്നും താല്‍പര്യമില്ലാത്തതുകൊണ്ട് പിന്നീട് ഉപയോഗിച്ചില്ലെന്നും ജീമോന്‍ പറയുന്നു.
മലദ്വാരത്തിലൂടെയും ലഹരി കടത്തുന്നുണ്ടെന്ന് ജീമോന്‍ വെളിപ്പെടുത്തുന്നു, ‘പെട്ടി അടിക്കുക’ എന്ന രഹസ്യകോഡ് ഉപയോഗിച്ചാണ് മലദ്വാരത്തിലൂടെ ലഹരി കടത്തുന്നത്. പുതുതായി ജയിലിൽ എത്തുന്നവർ അടക്കം പല ആളുകളിൽ നിന്നായി ജയിലിലേക്ക് എത്തുന്നത് കിലോ കണക്കിന് ലഹരിയാണെന്ന് ജീമോൻ പറയുന്നു. മുറിക്കുള്ളിലെ ശുചിമുറിയില്‍വച്ചാണ് തടവുകാര്‍ ലഹരി ഉപയോഗിക്കുന്നത്. സാമ്രാണി, കുന്തിരിക്കം എന്നിവ അങ്ങ് പുകച്ചുവയ്ക്കും, അപ്പോള്‍ ഗന്ധമോ പുകയോ ഒന്നുംതന്നെ പുറത്തോട്ട് അറിയില്ലെന്നും ഇയാള്‍ പറയുന്നു. ജയിലിലെ ഫോൺ വഴി ബന്ധുക്കളെ ഇടപെടുത്തി നീക്കുപോക്കുകൾ നടത്തും. ലഹരിക്കെതിരായ പോരാട്ടം ശക്തമാണെന്ന് സർക്കാർ വാദിക്കുമ്പോഴാണ് ജയിലിന് ഉള്ളിൽ തന്നെ ഇത്തരം വലിയ ലഹരി ഇടപാടുകൾ നടക്കുന്നത്.