രാജ്യാന്തര ലഹരി കടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് ടാന്‍സാനിയ സ്വദേശികളെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച പൊലീസൊന്ന് ഞെട്ടി..! ഈക്കഴിഞ്ഞ നാലുമാസത്തിനകം ഇവരുടെ അക്കൗണ്ടിലേക്കെത്തിയത് കോടികളാണ്. ഇരുവരുടെയും അക്കൗണ്ടുകളിലായി എത്തിയത് 1.3 കോടി രൂപ.
ടാന്‍സാനിയ സ്വദേശികളും പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ഡേവിഡ് എന്‍റമി (22), ബിബിഎ വിദ്യാര്‍ഥിനി മ്യോങ അത്ക ഹറൂണയുടെയും (21) അക്കൗണ്ടുകളാണ് പരിശോധിച്ചത്. ഡേവിഡിന്‍റെ അക്കൗണ്ടിലേക്ക് ഒരുകോടിയിലേറെ രൂപയും ഹരുണയുടെ അക്കൗണ്ടില്‍ 30 ലക്ഷം രൂപയും എത്തിയതായാണ് പൊലീസ് കണ്ടെത്തല്‍. പല ഇടനിലക്കാര്‍ വഴി കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ച വകയിലുള്ള പണം കൈപ്പറ്റിയത് ഇവരുടെ അക്കൗണ്ടുവഴിയാണെന്നും കണ്ടെത്തി. പിടിയിലായ ഡേവിഡ് ടാന്‍സാനിയയിലെ ജഡ്ജിയുടെ മകന്‍ കൂടിയാണ്.
ടാന്‍സാനിയക്കാരിലേക്ക് എത്തിയതെങ്ങനെ?
ജനുവരി 21നാണ് 227 ഗ്രാം എംഡിഎംഎംയുമായി കാരന്തൂര്‍ ലോഡ്ജില്‍ നിന്ന് മഞ്ചേശ്വരം സ്വദേശി മുസമ്മില്‍ (27), ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് (24) എന്നിവര്‍ പിടിയിലായത്. ബെംഗളൂരുവില്‍ വച്ചുള്ള തെളിവെടുപ്പില്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് വിവിരം ലഭിക്കുന്നു. തുടര്‍ന്ന് മൂന്നാം പ്രതി മുഹമ്മദ് ഷമീലിനെ മൈസുരൂവില്‍ വച്ച് കുന്നമംഗലം പൊലീസ് പിടികൂടുന്നു.
അടുത്ത നീക്കം ലഹരിയുടെ ഉറവിടം കണ്ടെത്തലായിരുന്നു. അങ്ങനെ ഇവരുടെ സാമ്പത്തിക ഇടപാടുകളും കോള്‍ ലിസ്റ്റുകളും പരിശോധിക്കുന്നു. പ്രതികളുടെ അക്കൗണ്ടില്‍ നിന്നും വന്‍തുക ഡേവിഡ് എന്‍റമിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായും ആ പണം നോയിഡയില്‍ വച്ച് അത്ക ഹറൂണ എന്ന യുവതിയുടെ അക്കൗണ്ട് വഴി പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി.
പൊലീസ് സംഘം നേരെ പഞ്ചാബിലെ ഫഗ്വാരയിലേക്ക്. അവിടെ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഒപ്പം രണ്ട് ലാപ്ടോപ്പ്, മൂന്ന് മൊബൈല്‍ ഫോണും. മെഡിക്കല്‍ കോളജ് എസിപി ഉമേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ടുമാസത്തെ പരിശ്രമമാണ് പൊലീസിനെ ഇവരുടെ താവളത്തിലേക്ക് എത്തിച്ചത്. കൂടുതല്‍പ്പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്..