കാസർകോട് ആദൂരിൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഘത്തിനു എംഡിഎംഎ കൈമാറിയ കർണാടക വീരാജ്പേട്ട സ്വദേശി എ.കെ ആബിദിനെയാണ് ആദൂർ പൊലീസ് പിടികൂടിയത്. കോട്ടക്കണ്ണി സ്വദേശി ഷാനവാസ്, ഭാര്യ ഷെരീഫ, മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ്, ചെമ്മനാട് മൂടംബയലിലെ ഷുഹൈബ എന്നിവരെ നൂറ് ഗ്രാം എംഡിഎംഎയുമായി ആദൂർ പൊലീസ് പിടികൂടിയത് ജനുവരി 13നാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിതരണം ചെയ്യാൻ ബെംഗളൂരുവിൽ നിന്നെത്തിച്ചതായിരുന്നു ലഹരിമരുന്ന്.
എംഡിഎംഎയ്ക്കായി ഇവർ പണം കൈമാറിയ അബ്ദുൾ ഖാദറിനെയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഇയാളിൽ നിന്നാണ് ലഹരി സംഘത്തിലെ പ്രധാന കണ്ണിയായ ആബിദിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇടപാടുകാർ പണം അബ്ദുൾ ഖാദറിന്റെ അക്കൗണ്ടിലേക്ക് കൈമാറും. പണം ലഭിച്ചതിനുശേഷം ആബിദ് ലഹരി മരുന്ന് സൂക്ഷിച്ച സ്ഥലത്തിന്റെ വിവരങ്ങൾ ഇടപാടുകാർക്ക് വാട്സപ്പിലൂടെ കൈമാറും. ഇതായിരുന്നു ഇവരുടെ രീതി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആബിദിനെ സി.ഐ കെ. സുനുമോനും സംഘവും വീരാജ് പേട്ടയിൽ നിന്ന് പിടികൂടിയത്. കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആബിദ്. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് എംഡിഎംഎ കച്ചവടം. ഇയാൾക്കെതിരെ ബംഗളൂരുവിലും ലഹരിക്കേസുകൾ ഉണ്ട്. കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.