തിരുവനന്തപുരം കല്ലറയില്‍ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രിയിലെ സാധന സാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതികൾ പിടിയിൽ. കല്ലറ കാട്ടുപുറം സ്വദേശി അരുൺ, മുണ്ടോണിക്കര സ്വദേശി ശ്യാംനായർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.35 മണിയോടെ കല്ലറ, തറട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. മദ്യലഹരയില്‍ തലയിൽ മുറിവേറ്റ് ചികിൽസയ്ക്ക് എത്തിയ ഒന്നാം പ്രതിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഇൻജക്ഷൻ റൂമിൽ കയറിയ പ്രതികള്‍ കത്രിക എടുത്തു കൊണ്ട് വന്ന് ഡോക്ടറെ കുത്താൻ ശ്രമിക്കുകയും ഇരുവരും ചേർന്ന് ആശുപത്രിയിലെ മരുന്ന് ഉൾപ്പടെയുള്ള സാധനസാമഗ്രികൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.