ഇടുക്കി പുഷ്പക്കണ്ടത്ത് അസം സ്വദേശിനിയായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഷെനിച്ചര്‍ എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബാലേ ടുഡുവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ബാലേ ടുഡുവും ഭർത്താവ് ഷാനിച്ചറും ഒരു മാസം മുൻപാണ് ജോലിക്കായി പുഷ്പക്കണ്ടത്ത് എത്തിയത്. കഴിഞ്ഞദിവസം ഇവരുടെ സുഹൃത്ത് താമസ സ്ഥലത്തെത്തുകയും മൂവരും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. പിന്നീട് സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലുമായി കിടന്നുറങ്ങി.
രാത്രിയിൽ ഉണർന്നെണീറ്റ ഷാനിച്ചർ ഭാര്യയെയും സുഹൃത്തിനെയും ഷെഡിൽ ഒരുമിച്ചു കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് അടിപിടിയുണ്ടായതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പിന്നീട് തടിക്കഷണം ഉപയോഗിച്ച് ഷാനിച്ചർ ഭാര്യയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ തന്നെയാണ് തൊഴിലുടമയെ വിളിച്ച് വിവരം അറിയിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായി തെളിവുകൾ ശേഖരിച്ചു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും.