കൊഴിഞ്ഞാമ്പാറ ഹണിട്രാപ്പ് കവർച്ചയിൽ ഒരു യുവതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചെല്ലാനം സ്വദേശി അപ൪ണ പുഷ്പൻ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നാല് പേരെക്കൂടി പിടികൂടാനുണ്ട്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി അപ൪ണയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജ്യോത്സ്യനെ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പക൪ത്തിയത് അപ൪ണയുടെ ഫോണിലാണ്. ജിതിന്‍ വിളിച്ചതനുസരിച്ചാണ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി കൊഴിഞ്ഞാംപാറയിലെത്തിയത്. സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ജിതിനെ പരിചയപ്പെട്ടതെന്ന് അപര്‍ണ മൊഴി നൽകി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.

പൊലീസിന്‍റെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ ഇങ്ങനെ: ചൊവ്വാഴ്ച വൈകിട്ട് മൈമുനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പൂജ നടത്തി വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍.പ്രതീഷിന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ കൊണ്ടുപോയത്. 

ഈ വീട്ടില്‍ വച്ച് പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ജ്യോത്സ്യനെ അസഭ്യം പറഞ്ഞു. അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മൈമൂന നഗ്‌നയായി മുറിയിലെത്തി. മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും പ്രതികള്‍ കവര്‍ന്നു. 

തുടര്‍ന്ന് ജ്യോത്സ്യനോട് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. അല്‍പനേരം കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങിയ തക്കത്തിന് പുറകുവശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യന്‍ പൊലീസിന് നല്‍കിയ മൊഴി.

ENGLISH SUMMARY:

Police have arrested another woman in connection with the Kozhinjampara honey trap robbery case. Aparna Pushpan, a native of Chellanam, Ernakulam, was taken into custody, bringing the total number of arrests to six. Authorities are still searching for four more suspects. Police revealed that Aparna had connections with the main accused, Jithin, a native of Kuttippallam, Nallepilly, who is currently absconding. It was from Aparna’s phone that the victim’s nude photos were taken. Following Jithin’s instructions, a woman working in a private company in Bengaluru was brought to Kozhinjampara. Aparna stated that she met Jithin through a social media account. The victim of the fraud was an astrologer from Kollangode, Palakkad.