കന്യാകുമാരി തക്കലയില്‍ അഭിഭാഷകനടക്കം രണ്ടുപേരെ പോക്സോ കേസില്‍ അറസ്റ്റുചെയ്തു. പതിനാലുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് നടപടി. സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട മേല്‍മരുവത്തൂര്‍ സ്വദേശിയെ കാണാന്‍ 12കാരിയായ സഹോദരിക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു പതിനാലുകാരി. തക്കലൈ ബസ്റ്റാന്‍ഡില്‍ മാര്‍ച്ച് 13ന് കുട്ടികള്‍ ചുറ്റിത്തിരിയുന്നതായി അഭിഭാഷകന്‍ അജിത്കുമാര്‍ കണ്ടു. ഇവരെ സഹായിക്കാമെന്ന വ്യാജേന അടുത്ത ഇയാള്‍ കുട്ടികളെ തന്‍റെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും മൂത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. പിന്നീട് ഇവരെ നാഗര്‍കോവില്‍ ബസ് ടെര്‍മിനലില്‍ കൊണ്ടുവിട്ടു.
സുഹൃത്തിന്‍റെ വിവരം ലഭിക്കാതിരുന്നതോടെ പതിനാലുകാരി സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട മറ്റൊരാളെ സഹായത്തിനായി വിളിച്ചു. മോഹന്‍ എന്ന ഇയാള്‍ അംബാസമുദ്രത്തിലുള്ള ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി മൂത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തി. ഇതിനിടെ കുട്ടികളുടെ അമ്മ പൊലീസില്‍ ഇവരെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.
ഇരുവരുടേയും മാതാപിതാക്കള്‍ വേര്‍ പിരിഞ്ഞതാണ്. ആറിലും എട്ടിലും പഠിക്കുന്ന കുട്ടികള്‍ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. തക്കലൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ തിരുനെല്‍വേലിയില്‍ നിന്ന് കണ്ടെത്തി. ഇരുവരോടും സംസാരിച്ചപ്പോഴാണ് അതിക്രമത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ അജിത്തിനേയും മോഹനേയും പിടികൂടി. അതിനിടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറില്‍ തെന്നി വീണ് അജിത്തിന് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. നിലവില്‍ ഇയാള്‍ ചികില്‍സയിലാണ്.