മലപ്പുറത്ത് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൾ ഗഫൂർ (23) ആണ് പ്രായപൂർത്തിയാകാവാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിയായിരിക്കെ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് 2020 മുതൽ പലതവണ ഉപദ്രവിച്ചു. 2022ൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി ബലാല്‍സംഗം ചെയ്തു. പീഡന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ ലഹരിക്കടിമയാക്കി 2025 വരെ പ്രതി പീഡനം തുടർന്നതായി പൊലീസ് പറയുന്നു.
ഇയാള്‍ പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീമിലും മന്തിയിലും എംഡിഎംഎ കലർത്തും. ലഹരി ചേർത്ത ഭക്ഷണം തുടര്‍ച്ചയായി കഴിച്ച് പ്ലസ് വൺ വിദ്യാർഥിനി രാസലഹരിക്ക് അടിമയാവുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അബ്ദുല്‍ ഗഫൂര്‍ സ്വർണ്ണ മോതിരം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
ചികില്‍സയിലൂടെ പെൺകുട്ടി ലഹരിയിൽ നിന്ന് മുക്തയായതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങൾ ഉണ്ടെന്ന് ആരോപിക്കുന്ന മൊബൈൽ ഫോണ്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ, എഎസ്ഐ പ്രദീപ്, സീനിയര്‍ സിപിഒമാരായ ബിജു, റാഫി, ജിതേഷ്, ഹബീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വേങ്ങരയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.