ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം അരങ്ങേറിയത്. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെ കുടുംബ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്, അവന്‍ പണ്ടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരായിരുന്നു, അവന്‍റെ കൂടെ പോവല്ലെ മോളെയെന്ന് പറഞ്ഞതാണ്’ നാട്ടുകാര്‍ പറയുന്നു.
വിവാഹത്തിന് മുൻപു തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാൽ വീട്ടുകാർ എതിർത്തു. എന്നാൽ ഇത് വകവയ്ക്കാതെയാണ് യാസറിനെ ഷിബില വിവാഹം ചെയ്തത്. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം.വിവാഹ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ മർദിക്കുകയും സ്വർണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് മകളുമായി സ്വന്തം വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നൽകി. എന്നാൽ പൊലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്.