കോഴിക്കോട് കൊയിലാണ്ടി മൂടാടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജീവനക്കാരിയോട് ലൈംഗീകാതിക്രമം നടത്തിയ പോക്സോ കേസ് പ്രതി പിടിയില്‍. മൂടാടി സ്വദേശി പ്രശോഭ് ആണ് അറസ്റ്റിലായത്. പോക്സോ കേസില്‍ പ്രതിയായ പ്രശോഭിനെ പൊലീസ് തിരയുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സ തേടിയാണ് പ്രശോഭ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. ചികിത്സയ്ക്കിടെയായിരുന്നു ജീവനക്കാരിക്കുനേരെ പ്രശോഭിന്‍റെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പോക്സോ കേസില്‍ തിരയുന്ന പ്രതിയും ഇയാള്‍ ആണെന്ന് മനസിലായത്. നന്തിയില്‍ ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം കാട്ടിയതിനാണ് പ്രശോഭിനെതിരെ പോക്സോ കേസെടുത്തത്. ഈ കേസില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിടെ പ്രശോഭ് പുതിയ കേസില്‍ പിടിയിലാവുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ കുറച്ചുകാലമായി മൂടാടിയിലാണ് താമസം. കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രശോഭിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.