കൊല്ലം കരുനാഗപ്പള്ളിയിൽ എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ പ്രതികളാണ് കഴിഞ്ഞ ബുധൻ പുലർച്ചെ മോഷണത്തിന് ശ്രമിച്ചത്. എടിഎം പൊളിക്കാനുള്ള ആയുധങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി
മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ, ബംഗാൾ പർഗനാസ് സ്വദേശി മോസ്താക്കിൻ ഗാസി എന്നിവരാണ് പിടിയിലായത്. ബുധൻ പുലർച്ചെ അയണിവേലിക്കുളങ്ങര വില്ലേജ് ജങ്ഷനിലുള്ള, സ്വകാര്യ കമ്പനിയുടെ എടിഎമ്മിലാണ് കവർച്ചശ്രമം നടന്നത്. സിസിടിവിയും മറ്റും മറച്ച് എടിഎം തകർത്ത് പണം അപഹരിക്കാനാണ് ശ്രമമുണ്ടായത്.
എടിഎമ്മിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവികൾ പരിശോധിച്ചപ്പോൾ മുഖംമൂടി ധരിച്ച്, തലയിൽ തൊപ്പിവെച്ച രണ്ടുപേരാണ് പ്രതികളെന്നു വ്യക്തമായി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ കണ്ടെത്തുകയും അവർ ഇതരസംസ്ഥാനക്കാർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. അന്വേഷണത്തിനിടെ പ്രതികൾ പണിക്കര്‍ക്കടവ് ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചു. പിന്നീട് കരുനാഗപ്പള്ളി പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രതികൾ വലയിലാകുകയായിരുന്നു. എടിഎം കവർച്ച നടത്താനുപയോഗിച്ച ആയുധങ്ങളും ഇവരുടെ പക്കൽനിന്നു കണ്ടെത്തി. തിരിച്ചറിയാതിരിക്കാൻ ഇവർ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. മറ്റു ചില എടിഎമ്മുകൾ പൊളിക്കാൻ പദ്ധതിയിട്ടിരുന്ന സമയത്താണ് ഇവരെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു.