കൊടുങ്ങല്ലൂർ ശംഖുബസാർ ഇരട്ടക്കൊലക്കേസിൽ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കാവടി എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയില്‍ കലാശിച്ചത്. പ്രതികള്‍ നാലു ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
2012 ഫെബ്രുവരി പതിനൊന്നായിരുന്നു കൊടുങ്ങല്ലൂര്‍ ശംഖുമുഖത്തെ ഇരട്ടക്കൊലപാതകം. ശംഖുബസാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കാവടി ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മധുവും സുധിയുമാണ് കൊല്ലപ്പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രശ്മിതും ദേവനുമാണ് കൊല നടത്തിയത്. ദേഹമാസകലം പരുക്കുണ്ടായിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയാണ് പ്രോസിക്യൂഷന് നിര്‍ണായകമായത്.
കൊലപാതകം നടന്ന് 82 –ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് ഉത്തരവാദിത്വം കാട്ടിയിരുന്നു. അന്ന് കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന നവാസായിരുന്നു അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ടി.കെ.മിനിമോള്‍ ആണ് ശിക്ഷ വിധിച്ചത്. കുറ്റവാളികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.