നാടിനെ നടുക്കിയ കുറുവ സംഘത്തലവൻ കൂടി അറസ്റ്റിലായതിന്‍റെ ആശ്വാസത്തിലാണ് നാട്. കൊടും കുറ്റവാളിയായ തമിഴ്‌നാട് രാമനാഥപുരം പരമകുടി എം ജി ആർ നഗറിൽ കട്ടൂച്ചനെന്ന കട്ടുപൂച്ചൻ ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എം ആർ മധുബാബുവിന്റെ മേൽനോട്ടത്തിൽ മണ്ണഞ്ചേരി സിഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റി കുറുവ സംഘമാണ് തമിഴ്‌നാട്ടിലെ താമസസ്ഥലത്തുനിന്ന് പ്രതിയെ സാഹസികമായി പിടികൂടിയത്. 

കഴിഞ്ഞ നവംബർ 12ന് രാത്രി ഒരു മണിയോടെ കോമളപുരം സ്പിന്നിംഗ് മില്ലിന് പടിഞ്ഞാറ് നായ്ക്കംവെളി വീട്ടിൽ ജയന്തിയുടെ വീട്ടിൽ നിന്ന് 3000 രൂപ വിലവരുന്ന വൺഗ്രാം ഗോൾഡ് മാലയും സ്വർണക്കൊളുത്തും പുലർച്ചെ രണ്ടിന് റോ‌ഡ് മുക്കിന് സമീപം മാളിയേക്കൽ ഹൗസിൽ ഇന്ദുവിന്റെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൂന്നര പവൻ മാലയും താലിയും കവർന്ന കേസിലാണ് അറസ്റ്റ്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ ഞായറാഴ്ച പുലർച്ചെ മണ്ണഞ്ചേരിയിലെത്തിച്ചു. ഡിവൈഎസ്പി എം ആർ മധുബാബുവിന്‍റെ നേതൃത്വത്തിൽ പ്രാഥമിക ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കഴിഞ്ഞ നാല് മാസമായി നടത്തയ രഹസ്യാന്വേഷണത്തിനൊടുവിലാണ് രാമനാഥപുരത്ത് കട്ടുപൂച്ചനുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം ഇയാളുടെ താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ പകച്ചുപോയ കട്ടൂച്ചൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ ബല പ്രയോഗത്തിൽ പരാജയപ്പെട്ടു. ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ ഡോറിനിടയിൽപ്പെട്ട് കട്ടുപൂച്ചന് കാലിന് നിസാര പരിക്കേറ്റു. 

കൈയിലും നെഞ്ചിലും പച്ച കുത്തിയ ഇവർ, മുഖം മറച്ചും വിരലടയാളം ഒഴിവാക്കാൻ ഗ്ലൗസ് ധരിച്ചുമാണ് കവർച്ച നടത്തിയിരുന്നത്. അൽപ്പവസ്ത്രധാരികളായ ഇവർ അടുക്കള വാതിൽ തകർത്താണ് മോഷണം നടത്തിയിരുന്നത്. ഇതെല്ലാം മനസിലാക്കിയ പൊലീസ് സംഘം വ്യാപക തെരച്ചിലിനൊടുവിലാണ് എറണാകുളം കുണ്ടന്നൂരിന് സമീപം പാലത്തിനടിയിൽ കുട്ടവഞ്ചി സംഘത്തിനൊപ്പം തമ്പടിച്ചിരുന്ന സന്തോഷ് ശെൽവവും മണികണ്ഠനും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കട്ടൂച്ചനുൾപ്പെടെയുള്ള പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. 

ENGLISH SUMMARY:

The arrest of the leader of the notorious Kuruva gang has brought relief to the public. The suspect, Kattupoochan, a hardened criminal from MGR Nagar, Paramakudi, Tamil Nadu, was apprehended in a daring operation led by the Alappuzha police. Acting on a confidential tip received by District Police Chief M.P. Mohanachandran, a special anti-Kuruva squad, under the supervision of DySP M.R. Madhubabu and Mananchery CI Tolson Joseph, captured the fugitive from his hideout in Tamil Nadu. Kattupoochan was wanted in connection with multiple burglaries, including the theft of gold jewelry worth ₹2.5 lakh from a residence in Komalapuram on November 12. After four months of intense investigation, authorities tracked him down and arrested him with the assistance of Tamil Nadu police. During the operation, Kattupoochan attempted to flee but was subdued by force. He sustained minor injuries while being placed into the police vehicle. The gang, known for their distinctive tattoos and gloves to avoid fingerprints, had been involved in numerous burglaries by breaking into homes through kitchen doors. The breakthrough in the case came after two of his associates, Santhosh Selvam and Manikandan, were arrested near a bridge in Kundannoor, Ernakulam, leading police to Kattupoochan.