ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ മൂന്ന് പ്രതികളെക്കൂടി ആലപ്പുഴയിലെത്തിച്ചു. രണ്ട് തായ് വാൻ സ്വദേശികളും ഒരു ജാർക്കണ്ഡ് സ്വദേശിയുമാണ് പ്രതികൾ. ഇവരെ ചേർത്തല കോടതിയിൽ ഹാജരാക്കും. കേസിലെ പ്രധാന പ്രതികളായ രണ്ട് തായ്‌വാൻ സ്വദേശികളെ നേരത്തെ ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്തതിനുശേഷം തിരികെ ഗുജറാത്തിൽ എത്തിച്ചിരുന്നു.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പായിരുന്നു ചേർത്തലയിലേത്. ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്താണ് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7 കോടി 65 ലക്ഷം രൂപ തായ്‌വാൻ സ്വദേശികളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്. കേസിൽ ആദ്യം അറസ്റ്റിലായ മലയാളികളും ഇതര സംസ്ഥാനക്കാരുമായ പ്രതികളിൽ നിന്നാണ് തട്ടിപ്പിന് നേതൃത്വം നൽകിയ തായ്‌വാൻ സ്വദേശികളക്കുറിച്ച് സൂചന പോലീസിന് ലഭിച്ചത്. മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ഗുജറാത്തിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
തായ് വാൻ സ്വദേശികളായ വാങ് ചുൻ - വെയ്, മെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിലെത്തിച്ച് ചോദ്യംചെയ്തു. ഇവരിൽ നിന്നാണ് തായ് വാൻ സ്വദേശികളായ സങ് മു ചി, ചങ് ഹൊ യൻ,ജാർഖണ്ഡ് സ്വദേശി സെയ്ഫ് ഗുലാം ഹൈദർ എന്നിവരുടെ പങ്ക് വ്യക്തമായത്. ഇവരെയും രാത്രി ആലപ്പുഴയിലെത്തിച്ചു. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പിനെ പറ്റി കൂടുതൽ കാര്യങ്ങൾ ഇവരിൽ നിന്ന് അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.