Image Credit: x/im_indian2101
വിദ്യാര്‍ഥിയുടെ പിതാവുമായി പ്രണയത്തിലാവുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. അധ്യാപിക 25 കാരി ശ്രീദേവി രുദാഗി, സഹായികളായ ഗണേഷ് കാലെ, സാഗർ മോർ എന്നിവരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ശ്രീദേവിയുടെ പ്ലേസ്കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവായ രാകേഷ് വൈഷ്ണവിന്‍റെ പരാതിയിലാണ് നടപടി.
െബംഗളൂരുവിന്‍റെ വടക്കുപടിഞ്ഞാറുള്ള മഹാലക്ഷ്മി ലേഔട്ടിലെ പ്രീ സ്കൂള്‍ നടത്തിപ്പുകാരിയാണ് ശ്രീദേവി. 2023 ല്‍ മകന്‍റെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് രാകേഷ് ശ്രീദേവിയെ പരിചയപ്പെടുന്നത്. സ്കൂള്‍ ചെലവുകള്‍ക്കായി അന്ന് ശ്രീദേവി രാകേഷില്‍ നിന്നും 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2024 ല്‍പണം തിരികെ നല്‍കാമെന്ന് ഉറപ്പിലായിരുന്നു വായ്പ. ഈ വായ്പ സംബന്ധിച്ച പ്രശ്നങ്ങളാണ് ഹണിട്രാപ്പിലേക്കും അറസ്റ്റിലേക്കും നയിച്ചത്.
2024 ജനുവരിയില്‍ രാകേഷ് പണം തിരികെ ചോദിച്ചപ്പോള്‍ സ്കൂളിന്‍റെ പങ്കാളിയാക്കാമെന്നാണ് ശ്രീദേവി പറഞ്ഞത്. ഇതിനിടെ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. ചാറ്റിങിനായി രാകേഷ് പ്രത്യേക ഫോണും സിം കാര്‍ഡും വാങ്ങി. പണത്തിനായി വീണ്ടും ആവശ്യം ഉന്നയിച്ചപ്പോള്‍ ശ്രീദേവി വീട്ടിലേക്ക് വിളിക്കുകയും ചുംബിക്കുകയും ചെയ്തു.
ഈ ബന്ധത്തിനായി ആദ്യം 50,000 രൂപ ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ നല്‍കണമെന്നായി പിന്നീടുള്ള ആവശ്യം. ഇതോടെ രാകേഷ് സിം ഉപേക്ഷിച്ച് ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മകന്‍റെ സ്കൂള്‍ മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നതിനാല്‍, മാര്‍ച്ച് 12 ന് ശ്രീദേവി രാകേഷിന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് മകന്‍റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആവശ്യപ്പെട്ടു.
ഇതിനായി സ്കൂളിലെത്തിയ രാകേഷിനെ ഗണേഷും സാഗറും ചേര്‍ന്ന് തട്ടികൊണ്ടുപോവുകയായിരുന്നു. ശ്രീദേവിയുമായുള്ള ബന്ധം കുടുംബത്തിന് മുന്നില്‍ വെളിപ്പെടുത്താതിരിക്കാന്‍ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. സംഘം രാകേഷിനെ കാറില്‍ കയറ്റി മഹാലക്ഷ്മി ലേ ഔട്ടിലേക്ക് എത്തിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കാമെന്ന് ഇരുവരും സമ്മതിച്ചു. ഇതിന്‍റെ ഭാഗമായി 1.90 ലക്ഷം രൂപ നല്‍കിയാണ് രാകേഷ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്.
മാർച്ച് 17 ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം രൂപ നൽകാന്‍ ആവശ്യപ്പെട്ടു. വീഡിയോ ചാറ്റുകൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതോടെ രാകേഷ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നു.