സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്സൈസിനോട് വെളിപ്പെടുത്തിയ തസ്ലിമ സെക്സ് റാക്കറ്റിന്‍റെ ഭാഗം . ഇത്തരത്തിലൊരു കേസില്‍ അവര്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതോടെയാണ് നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെ യുവതി മൊഴി നല്‍കിയത്. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്നായിരുന്നു കണ്ണൂര്‍ സ്വദേശി തസ്‌ലിമ സുല്‍ത്താന്‍റെ മൊഴി. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ വരുന്നുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് എക്സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്‍റെ മുഖ്യ കണ്ണിയാണ് തസ്ലീമ.
കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് തസ്ലീമയുടെ താവളം. ഏതാനും സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഇവർക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. വാട്സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖർ അടക്കമുള്ളവരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണിൽ കണ്ടെത്തി.