AI Generated Image
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയില്‍ ഇന്‍ഡിഗോയുടെ ഫ്ലൈറ്റ് അറ്റൻഡന്റ് അഞ്ച് വയസ്സുകാരിയുടെ സ്വർണ്ണ മാല മോഷ്ടിച്ചതായി പരാതി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന കുഞ്ഞിന്‍റെ സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മ പ്രിയങ്ക മുഖർജിയാണ് ഇൻഡിഗോ ക്യാബിൻ ക്രൂ അംഗം അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ പരാതി നല്‍കിയത്. കൊൽക്കത്തയ്ക്ക് പോകുന്നതിന്‍റെ ഭാഗമായാണ് ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഇൻഡിഗോ വിമാനത്തിൽ കയറിയത്. ശേഷം ബെംഗളൂരിവില്‍ നിന്ന് കണക്ടിങ് ഫ്ലൈറ്റ് എടുക്കാനായിരുന്നു തീരുമാനം. വിമാനം പറന്നുയർന്ന് കുറച്ച് സമയത്തിന് ശേഷം തന്‍റെ കുട്ടികള്‍ വഴക്കിട്ട് കരയാന്‍ ആരംഭിക്കുകയും മക്കളില്‍ ഒരാളെ താന്‍ നോക്കാമെന്ന് അദിതി പ്രിയങ്കയോട് പറയുകയുമായിരുന്നു.
വിമാനത്തില്‍ കുട്ടിയുമായി നടന്ന അദിതി ലാൻഡ് ചെയ്യുമ്പോളാണ് മകളെ തിരികെ നല്‍കിയത്. അപ്പോളാണ് തന്‍റെ മകള്‍ ധരിച്ചിരുന്ന 20 ഗ്രാം ഭാരമുള്ള സ്വർണ്ണ മാല നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. അദിതിയോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ എടുത്തില്ലെന്നാണ് പറഞ്ഞത്. തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡിഗോ, വിമാനത്താവള അധികൃതർ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പ്രിയങ്ക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എയര്‍ലൈനും ഫ്ലൈറ്റ് അറ്റന്‍ഡന്‍റും ആരോപണം നിഷേധിക്കുകയാണെന്നും തന്‍റെ മകൾ വിമാനത്തിൽ കേക്ക് കഴിക്കുന്നതിന്‍റെ ഒരു ചെറിയ വിഡിയോ ഞാൻ എടുത്തിരുന്നു, ആ സമയത്ത് അവൾ മാല ധരിച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. മാലയുടെ വില ഏകദേശം 2.5 ലക്ഷം രൂപയാണ്, പക്ഷേ എഫ്‌ഐആറിൽ 80,000 രൂപയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരികളിൽ നിന്ന് ശരിയായ പ്രതികരണം ലഭിക്കാത്തതിനാൽ ഭർത്താവ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലെത്തി. കണക്ടിങ് ഫൈറ്റ് നഷ്ടപ്പെടുകയും മറ്റൊരു വിമാനത്തിൽ കയറുന്നതുവരെ രാത്രി വിമാനത്താവളത്തിൽ തങ്ങുകയും ചെയ്തതായും പ്രിയങ്ക പറയുന്നു.
സംഭവത്തില്‍ എയർലൈൻ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ വളരെ ഗൗരവമായി കാണുന്നതായും അന്വേഷണത്തിന് പൂർണ്ണ പിന്തുണയും സഹകരണവും നൽകുന്നതായി ഇൻഡിഗോയും പറഞ്ഞു.