സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മര്‍ദിച്ച് ഗുരുതര പരുക്കേല്‍പ്പിച്ച് മകനും ഭാര്യയും. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. നടുക്കണ്ടി സ്വദേശി ആര്‍.രതിക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ മകന്‍ രബിന്‍, മരുമകള്‍ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്കരന്‍ എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ച ബാലുശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഞായറാഴ്ച ദുബായില്‍ നിന്ന് എത്തിയ മകന്‍ രബിനും ഭാര്യയും സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മ രതിയെ മര്‍ദിക്കുകയായിരുന്നു. ഭാസ്കരനില്‍ നിന്നും വീട് എഴുതി വാങ്ങിയ മകന്‍, പറയുന്നത് കേട്ടില്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവും മരുമകളും തന്‍റെ കൈകള്‍ പിടിച്ചുവയ്ക്കുകയും മകന്‍ രബിന്‍ കുക്കറിന്‍റെ അടപ്പുകൊണ്ട് തലയ്ക്ക് അടിച്ചെന്നും രതി മൊഴി നല്‍കി.
രതിയുടെ തലയ്ക്കു പുറകിലും ചുണ്ടിലും മുഖത്തും പരുക്കുകളുണ്ട്. അവശനിലയിലായിരുന്ന രതിയെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഏഴുവര്‍ഷത്തോളമായി സഹോദരനും ഭാര്യയും തന്നെയും അമ്മയെയും മാനസികമായി പീഡിപ്പിക്കുകയാണെന്ന് മകള്‍ അനഘ ആരോപിച്ചു. മുന്‍പ് 2021ല്‍ അനഘയെ മര്‍ദിച്ചതിന്‍റെ പേരിലും രബിനെതിരെ കേസുണ്ട്.