ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ മുത്തശ്ശിയെ കൊലക്കുറ്റം ചുമത്തി ശിക്ഷിച്ചു . അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. നവംബര്‍ 2022ലാണ് ട്രേസി നിക്സ് എന്ന 67കാരി ഏഴ് മാസം മാത്രം പ്രായമുള്ള തന്‍റെ പേരക്കുട്ടി യൂറിയല്‍ ഷ്കോക്കിനെ 32 ഡിഗ്രി ചൂടില്‍ കാറില്‍ ലോക്ക് ചെയ്ത് പോയത്. കാറിന്‍റെ ഗ്ലാസും ഉയര്‍ത്തിവെച്ചിരുന്നു. ഉച്ചയ്ക്ക് സുഹൃത്തുകളോടൊപ്പം ഭക്ഷണം കഴിക്കാനായി കുഞ്ഞിനെയും കൊണ്ട് പോയതായിരുന്നു നിക്സ്.
തിരിച്ചുവന്ന നിക്സ് പതിവുപോലെ വീട്ടില്‍ കയറി തന്‍റെ ജോലികളില്‍ മുഴുകി. മണിക്കൂറുകള്‍ക്ക് ശേഷം വീട്ടിലെത്തിയ ബന്ധു കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് താന്‍ കൂട്ടി കാറിലുള്ള കാര്യം നിക്സ് ഓര്‍ത്തത്. നിക്സിന്‍റെ ഭര്‍ത്താവ് കുഞ്ഞിനെ കാറില്‍ കണ്ടെത്തി സിപിആര്‍ കൊടുത്തെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
2021ല്‍ നിക്സിന്‍റെ വീഴ്ചമുലം യൂറിയലിന്‍റെ സഹോദരന്‍ എസ്രയും മരിച്ചിരുന്നു. നിക്സ് ഉറങ്ങിപ്പോയതിനിടെ എസ്ര വീടിനടുത്തുള്ള തടാകത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. സംഭവം പൊലീസ് അന്വേഷിച്ചെങ്കിലും നിക്സിന് നേരെ വിരല്‍ ചൂണ്ടാനുള്ള ഒരു തെളിവുകളും ലഭിച്ചിരുന്നില്ല. കേസ് വിചാരണ ചെയ്ത കോടതി നിക്സിന് യൂറിയലിന്‍റെ മരണത്തില്‍ അല്‍പം പോലും കുറ്റബോധമില്ലെന്ന് പറഞ്ഞു. കേസിന്‍റ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷമാണ് നിക്സിന് തടവുശിക്ഷ വിധിച്ചത്.
കേസില്‍ മരിച്ച യൂറിയലിന്‍റെ അമ്മയും നിക്സിന്‍റെ മകളുമായ കെയ്‌ല അമ്മയ്ക്കെതിരെ വാദിച്ചു. തനിക്ക് തന്‍റെ അമ്മയെ ഇഷ്ടമാണെന്നും പക്ഷെ ഈ അവസരത്തില്‍ താന്‍ തന്‍റെ മകള്‍ക്കായി നിലകൊള്ളുകയാണെന്നും കെയ്‌ല പറഞ്ഞു.