ടാര്‍ഗറ്റ് തികയ്ക്കാത്തതിന്റെ പേരിൽ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനമെന്ന് പരാതി. ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റ് കെട്ടി നായയെ പോലെ നടത്തിച്ച ദൃശ്യങ്ങൾ പുറത്ത്. പാലാരിവട്ടത്തെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്‌ എന്ന സ്ഥാപനത്തിന്റെ പേരിൽ പുറത്തു വന്ന ദൃശ്യങ്ങളിൽ പോലീസ് അന്വഷണം ആരംഭിച്ചു. 

അതിക്രൂര തൊഴിൽ പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴയിച്ചു,തറയിൽ നിന്ന് നാണയവും പഴകിയ ആഹാരവും നക്കി എടുപ്പിചു. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്‌ എന്ന കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ഡീലർ ആയി പ്രവർത്തിക്കുന്ന പെരുമ്പാവൂരിലെ കെല്ട്രോ എന്ന മാർക്കറ്റിംഗ് കമ്പനിയിലെ ദൃശ്യങ്ങളാണ് പുറത്തു വന്നതെന്ന് മുൻ ജീവനക്കാരൻ സ്ഥിരീകരിക്കുന്നു. 

കെൽട്രോയിൽ നടന്ന തൊഴിൽ പീഡനവുമായും നിലവിൽ പ്രചരിക്കുന്ന വാർത്തകളുമായും ബന്ധമില്ലെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്‌ ജീവനക്കാർ വ്യക്തമാക്കി.പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ കെല്‍ട്രോ എന്ന സ്ഥാപനത്തിൽ നടന്നെന്ന് പറയുന്ന സംഭവം പെരുമ്പാവൂർ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സ്ഥാപന ഉടമ ഹുബൈലിനെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നെന്നും ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. 

തൊഴിൽ പീഡന പരാതിക്ക് പിന്നാലെ സ്ഥാപനത്തിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച്. പാലാരിവട്ടം ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് സ്ഥാപനത്തിലേക്ക് ആണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും മാർച്ച് നടത്തിയത്. എന്നാൽ സംഭവമായി സ്ഥാപനത്തിന് ബന്ധമില്ലെന്ന് ഉടമ ജോയ് ജോസഫ് പോലീസിനോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നോർത്ത് ജനതയിലെ ഓഫീസിലേക്ക് തള്ളിക്കയറി. കസേര ഉൾപ്പെടെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം. ജീവനക്കാരെ പുറത്തിറക്കി ഓഫീസ് പൂട്ടാനുള്ള ശ്രമത്തിനിടെയാണ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തിയത്. ഓഫീസിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പീഡനം നടന്നത് പലരിവട്ടത്തെ സ്ഥാപനത്തിലല്ലെന്നാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫ് പോലീസിനോട് പറഞ്ഞത്. തൊഴിൽ പീഡനം നടന്നത് തന്റെ ഫ്രാഞ്ചൈസി സ്ഥാപനത്തിൽ ആണെന്നും അതുമായി ബന്ധമില്ലെന്നും ജോയ് ജോസഫ് പോലീസിനെ അറിയിച്ചു. തൊഴിലാളി പീഡനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാലാരിവട്ടം സി ഐ വ്യക്തമാക്കി.  സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. 

ENGLISH SUMMARY:

Shocking allegations of workplace abuse have surfaced in Kochi. Employees of Hindustan Power Links in Kaloor were reportedly forced to crawl on their knees with belts around their necks like dogs, as punishment for not meeting targets. A video of the incident has also surfaced. Labour Minister V. Sivankutty condemned the incident and said strict action will be taken after receiving the report from the labour officer.