പ്രതീകാത്മക ചിത്രം.
സ്വകാര്യ ബസില്‍ വച്ച് സ്വന്തം മക്കളുടെ മുന്നില്‍ അമ്മ ക്രൂരകൂട്ടബലാത്സംഗത്തിന് ഇരയായി. ക്ഷേത്രദര്‍ശനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ക്രൂരത. യുവതിയുടെ രണ്ട് ആണ്‍മക്കളുടെ കണ്‍മുന്നില്‍ വച്ചാണ് മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരകൃത്യം നടപ്പാക്കിയത്. പരാതിയുമായി എത്തിയപ്പോള്‍ പൊലീസുകാര്‍ പണം വാങ്ങി കേസ് മുക്കി എന്ന ആരോപണവും യുവതി ഉന്നയിച്ചു. കര്‍ണാടകയിലെ ദേവനാഗരിയിലാണ് സംഭവം.
വിജയനഗര്‍ സ്വദേശിയാണ് പരാതിക്കാരി. ഉച്ചങ്കിദുര്‍ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുംവഴി മാര്‍ച്ച് 31നാണ് സംഭവമെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോള്‍ വൈകി. സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രിയില്‍ ഇവിടെ നിന്നുള്ള അവസാന ബസ് സര്‍വീസായിരുന്നു ഇത്. ഏഴോ എട്ടോ സഹയാത്രികര്‍ ബസിലുണ്ടായിരുന്നു. അവരെല്ലാം ദേവനാഗരി എത്തും മുന്‍പ് ഇറങ്ങി. അതിനു ശേഷമായിരുന്നു സംഭവമെന്ന് യുവതി വ്യക്തമാക്കി.
മറ്റ് യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ബസ് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. ചന്നപ്പുരയ്ക്കു സമീപമായിരുന്നു ഇത്. ശേഷം ഡ്രൈവറും കണ്ടക്ടറും ബസിലെ സഹായിയും ചേര്‍ന്ന് മക്കളെ ബലമായി പിടിച്ചുവച്ച് കൈകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകി. മക്കളുടെ കണ്‍മുന്നിലിട്ടാണ് കൂട്ടബലാത്സംഗം നടത്തിയത്. കരച്ചില്‍ കേട്ട് തൊട്ടടുത്ത പാടത്തെ കര്‍ഷകരും അതുവഴി പോയ ചിലരും ഓടിയെത്തി തന്നെയും മക്കളേയും രക്ഷിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു.
സംഭവത്തില്‍ ഡ്രൈവര്‍ പ്രകാശ് മഡിവാളര, കണ്ടക്ടര്‍ സുരേഷ് സഹായി രാജശേഖരന്‍ എന്നിവരെ നാട്ടുകാരാണ് പിടികൂടി അരസികേരെ പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ മുന്‍പും സമാന സംഭവങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതികളില്‍ ഒരാള്‍ക്കെതിരെ ഏഴോളം പീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. പൊലീസുകാര്‍ പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. പരാതിക്കാരുടെ ഒപ്പ് ഒരു വെള്ളപേപ്പറില്‍ വാങ്ങുക മാത്രമാണ് ചെയ്തത്. രണ്ടായിരം രൂപ നല്‍കി യുവതിയോട് പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും പറഞ്ഞു.
ഇതിനുശേഷം ഇതൊരു കേസാക്കാന്‍ നില്‍ക്കേണ്ട, ഭാവിയില്‍ വലിയ പ്രശ്നങ്ങളുണ്ടാകും എന്ന് ഉപദേശിക്കുകയാണ് പൊലീസ് ചെയ്തതെന്ന് യുവതി പറയുന്നു. ശേഷം ഉച്ചങ്കിദുര്‍ഗാ ക്ഷേത്രത്തില്‍ തന്നെ യുവതിയെ പൊലീസ് തിരിച്ചെത്തിച്ചു. ആവശ്യമുണ്ടെങ്കില്‍ വിളിക്കാം ഇപ്പോള്‍ വീട്ടിലേക്ക് പൊയ്ക്കോളൂ എന്നാണ് പൊലീസ് പറഞ്ഞത്. മക്കളുമായി ആ രാത്രി മുഴുവന്‍ ക്ഷേത്രത്തില്‍ ഇരുന്നു. അതിനിടെ പ്രതികളെ പൊലീസ് പറഞ്ഞുവിട്ടു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.
വീട്ടിലേക്ക് മടങ്ങാതെ യുവതിയും മക്കളും ക്ഷേത്രത്തില്‍ തന്നെ തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പെട്ട ചില പ്രാദേശിക നേതാക്കള്‍ എന്താണ് കാര്യമെന്ന് അന്വേഷിച്ചെത്തി. യുവതി നടന്ന കാര്യങ്ങളത്രയും പറഞ്ഞതോടെ ഇവര്‍ വിജയനാഗര എസ്.പി ശ്രീഹരി ബാബുവിനെ വിവരം അറിയിച്ചു. നേതാക്കളോട് യുവതിയെക്കൂട്ടി അരസികേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ എസ്.പി നിര്‍ദേശിച്ചു. അദ്ദേഹവും അവിടെ എത്തിച്ചേര്‍ന്നു. അന്വേഷണത്തില്‍ പൊലീസ് കേസ് മുക്കിയെന്ന് വ്യക്തമായി. എസ്.പിയുടെ നിര്‍ദേശപ്രകാരം പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു.