videocall-06

പ്രതീകാത്മക ചിത്രം.

സമൂഹമാധ്യമത്തില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ(32)യാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ തുടങ്ങി പല സ്ത്രീകളുമായും സൗഹൃദം സ്ഥാപിക്കും. പിന്നീട് വിഡിയോ കോളടക്കം ചെയ്ത് അതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്താണ് ഫുവാദ് പല സ്ത്രീകളെയും ഭീഷണിപ്പെടുത്തിയത്. 

കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. മറ്റ് സ്ത്രീകളെ വലയിലാക്കിയതുപോലെ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ഈ യുവതിയേയും ഫുവാദ് പരിചയപ്പെട്ടത്. പിന്നീട് യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു. വ്യാജ നഗ്നഫോട്ടോകള്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു. പന്നിയങ്കര പൊലീസില്‍ യുവതിയും കുടുംബവും പരാതിയുമായെത്തി. പിന്നാലെ മലപ്പുറം മാറഞ്ചേരി ഭാഗത്തുവെച്ച് ഫുവാദ് പിടിയിലാകുകയായിരുന്നു. 

സ്ത്രീ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അക്കൗണ്ടില്‍ നിന്ന് സൗഹൃദം സ്ഥാപിച്ചെടുത്ത സ്ത്രീകള്‍ക്ക് ഫുവാദ് വിഡിയോ കോള്‍ വിടും. കോള്‍ എടുത്തയുടനെ പ്രതി കാണിക്കുന്നത് സ്വന്തം ലൈംഗികാവയവമായിരിക്കും. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തുകയാണ് ഫുവാദിന്‍റെ രീതി. സ്‌ക്രീന്‍ ഷോട്ട് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ലഭിച്ചാലുണ്ടാകുന്ന മാനക്കേടും കുടുംബപ്രശ്നങ്ങളും ഓര്‍ത്ത് പലരും ഫുവാദിന് പണം നല്‍കി എന്നാണ് വിവരം.

ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് പ്രതിക്കുണ്ടായിരുന്നത്. ഇതുകൂടാതെ പല ചാറ്റിങ് ആപ്പുകളിലും വ്യാജ പ്രൊഫൈലുകള്‍ ഫുവാദ് ഉണ്ടാക്കി. ഖത്തറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഒരുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഗള്‍ഫിലെ വിവിധ നമ്പറുകള്‍ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത് എന്നാണ് വിവരം. ഫുവാദ് തന്‍റെ മരിച്ചുപോയ ഉമ്മയുടെ പേരിലും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. ഈ അക്കൗണ്ടിലൂടെയും പല സ്ത്രീകളോട് ചാറ്റ് ചെയ്തിട്ടുണ്ട്. പ്രതിയില്‍ നിന്ന് നിരവധി ഫോണുകളും സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ ഫുവാദിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ENGLISH SUMMARY:

Muhammad Fuad (32), a resident of Vellathinkal, Marancheri, Malappuram, has been arrested by the Paninyankara Police in Kozhikode. Fuad created fake social media profiles using women's names and befriended several women. He then used video calls and took screenshots of them, using these images to threaten the women and extort money from them.