പറശ്ശിനിക്കടവിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളും യുവാക്കളും പിടിയിലായ സംഭവത്തിൽ എക്സൈസിനെതിരേ ആരോപണങ്ങളുമായി കേസിലെ പ്രതി റഫീന രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് റഫീന എക്സൈസിനെതിരേ ആരോപണം ഉന്നയിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ലെന്നും റഫീന വിഡിയോയിൽ ചോദിക്കുന്നു. മുറിയിലെ സിസിടിവികളടക്കം ഓഫ് ചെയ്തിരുന്നുവെന്നും ആരേയും ഫെയ്സ് ചെയ്യാൻ മടിയില്ലെന്നും കേസിൽ പ്രതിയായ റഫീന പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയുടെ കമന്റ് ബോക്സ് പെൺകുട്ടി പിന്നീട് ഓഫ് ചെയ്തു.
റഫീന വിഡിയോയിൽ പറഞ്ഞത്
എന്റെ പേരിൽ കേസെടുക്കാതെ ചാനലുകളിൽ വീഡിയോകൾ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവർക്ക് എന്തിനാണ് സർക്കാർ ജോലി കൊടുക്കുന്നത്. എന്റെ പേരിൽ കേസോ കാര്യങ്ങളോ ഇല്ല. ഞാൻ ജയിലിലാണ്, അവിടെയാണ് ഇവിടെയാണ് എന്നൊക്കെ കുറേ ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്. ഞാൻ എന്റെ വീട്ടിൽ തന്നെയാണ്. പോലീസുകാരോ ഒന്നും പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത്, അവര് കരുതിക്കൂട്ടി ഒറ്റുകൊടുത്ത് ഇട്ടതാണ്. കൈക്കൂലി കൊടുത്ത് ഇടീച്ചതാണ്. ഞാൻ എല്ലാം കണ്ടിട്ടുണ്ട്. വീഡിയോയ്ക്ക് മുമ്പിലും ഫോട്ടോസിനും ഫെയ്സ് ചെയ്യാൻ എനിക്ക് ഒരു പേടിയും ഇല്ല. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം എനിക്ക് ഒരാളെയും പേടിക്കണ്ട. നാട്ടിലിറങ്ങാൻ പേടിയില്ല, മറ്റുള്ളവരെ ഫെയ്സ് ചെയ്യാനും എനിക്ക് പേടിയില്ല. എന്റെ കുടുംബക്കാരും നാട്ടുകാരും എല്ലാം ആ വീഡിയോ കണ്ടു. എല്ലാവരും അത് ഷെയർ ചെയ്യുന്നുണ്ട്. എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കിൽ എന്നെ എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല. എന്തുകൊണ്ട് എന്റെ പേരിൽ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ വിചാരം. ഇതിന്റെ സത്യം അറിയാൻ ഇതിന്റെ പിന്നിൽ തന്നെ നടക്കും. ആരൊക്കെ ഉണ്ടായിട്ടുണ്ടോ എന്തൊക്കെ ചെയ്തിട്ടുണ്ടോ ഞാൻ ഇതിന്റെ പിന്നിലൊക്കെ നടക്കും. അത് എന്തൊക്കെ വന്നാലും.
എക്സൈസ് ആയിക്കോട്ടെ, അല്ല മറ്റ് ആരുമായിക്കൊട്ടെ. ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധർമ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്റെ പേര് പറയാൻ പോലും ഇവർക്ക് പേടിയാണ്. ആ റൂമിൽ എക്സൈസുകാര് വരുമ്പോൾ എല്ലാ സിസിടിവിയും ഓഫ് ആയിരുന്നു. എന്തിനാണ് ഓഫ് ചെയ്തത്. എക്സൈസുകാര് വന്ന്, അവര് തന്നെ സാധനം വെച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലിൽ കൊണ്ടുപോയാൽ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ട് മാത്രമാണ് അവര് ഒന്നിനും നിക്കാത്തത്. എന്നെ ആൾക്കാരുടെ മുമ്പിൽ പരമാവധി നാറ്റിക്കലാണ് അവർക്ക് വേണ്ടത്. എന്റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്റെ കമന്റിൽ വന്ന് ഇനി ആരും ജലിയിലാണോ എന്ന് ചോദിക്കേണ്ടതില്ല. എന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഞാൻ പേടിക്കേണ്ട ആവശ്യമില്ല.
പറശ്ശിനിക്കടവ് കോൾമെട്ടയിലെ ലോഡ്ജ് മുറിയിൽ 490 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളുൾപ്പെടെ നാലുപേരേയാണ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാർ അറസ്റ്റ് ചെയ്തത്. ഇരിട്ടി മരുതായിയിലെ പുതിയപുരയിൽ മുഹമ്മദ് ഷംനാദ് , വളപട്ടണത്തെ അമ്പലത്തിലകത്ത് വീട്ടിൽ എ. ജംഷിൻ , ഇരിക്കൂർ മഞ്ഞപ്പാറ കോട്ടക്കുന്നിൽ ഹൗസിൽ കെ. റഫീന, കണ്ണൂർ ഉപ്പാലവളപ്പ് കെ.കെ. ഹൗസിൽ ഫാത്തിമത്തുൾ ജസീന എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടിച്ചെടുത്തിരുന്നു.