ഫഹദ് ഫാസില്‍ നായകനായി തകര്‍ത്ത് അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടവര്‍ കള്ളന്‍റെ കൗശലവും തൊണ്ടിമുതല്‍ കണ്ടെത്താനുള്ള പൊലീസിന്‍റെ പരവേശവും മറന്നിട്ടുണ്ടാവില്ല. ഇതേ അവസ്ഥയിലാണ് പാലക്കാട് ആലത്തൂര്‍ പൊലീസ്. കഴിഞ്ഞദിവസം മേലാര്‍കോട് വേലക്കിടെയാണ് തൊണ്ടിമുതലും ദൃക്‍സാക്ഷിയുമെന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായ അനുഭവമുണ്ടായത്. പൊലീസിന്‍റെ നിസഹായവസ്ഥയും കള്ളന്‍റെ കൗശലവും തെളിഞ്ഞത്.
രക്ഷിതാക്കള്‍ക്കൊപ്പം ഉല്‍സവത്തിനെത്തിയ പട്ടഞ്ചേരി സ്വദേശിയായ മൂന്ന് വയസുകാരിയുടെ മാല തഞ്ചത്തില്‍ തമിഴ്നാട്ടുകാരനായ മുത്തപ്പന്‍ കൈക്കലാക്കി. തിരക്കിനിടയില്‍ കൂടുതല്‍ തിരക്കുണ്ടാക്കി മാല കവരുകയായിരുന്നു. കിട്ടിയ മുതലും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുത്തപ്പനെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഒറ്റനോട്ടത്തില്‍ നാട്ടുകാര്‍ മാല കവര്‍ന്നത് മുത്തപ്പനാണെന്ന് ഉറപ്പിച്ചു. പക്ഷേ മുത്തപ്പന്‍ ഒരുതരത്തിലും സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. പൊലീസ് ഇടപെട്ടു. മുത്തപ്പനെ നേരെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സകല അടവുകളും പ്രയോഗിച്ചെങ്കിലും മാല ഞാന്‍ എടുത്തിട്ടില്ലെന്ന ഒറ്റ നിലപാടിലായിരുന്നു മുത്തപ്പന്‍. പിന്നെന്ത് ചെയ്യും.
പിടികൂടിയ ആളിനെ വെറുതെ വിടാനും പൊലീസിന് തോന്നുന്നില്ല. ഇയാള്‍ മാല എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഉറപ്പിച്ചു. ഒടുവില്‍ ശരീരം പരിശോധിക്കാമെന്നായി. വിദഗ്ധ പരിശോധനയെന്ന് കേട്ടതിന് പിന്നാലെ പലതരത്തിലുള്ള രോഗങ്ങളുണ്ടെന്ന് പറഞ്ഞ് മുത്തപ്പന്‍ ഒഴിയാന്‍ നോക്കി. പൊലീസ് വിട്ടില്ല. നേരെ ജില്ലാ ആശുപത്രിയിലെത്തിച്ച് വയറിന്‍റെ എക്സ്റേ എടുപ്പിച്ചു. എക്സ് റേയില്‍ തെളിഞ്ഞു. വയറിനുള്ളില്‍ കുരുങ്ങിക്കൂടി ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല. മാല കവര്‍ന്നതിന് പിന്നാലെ പിടിയിലാകുമെന്ന് ഉറപ്പിച്ച് കള്ളന്‍ മാല വിഴുങ്ങുകയായിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയിലെ നായക കഥാപാത്രവും ആലത്തൂരിലെ കള്ളനും ഒരേ രീതി. സിനിമ കണ്ട് അടവ് പയറ്റിയതാണോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും മറുപടി പറയാന്‍ മുത്തപ്പന്‍ ഒരുക്കമല്ല. എന്തായാലും ആളെ പൊലീസ് നിരീക്ഷണത്തില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിളകാനുള്ള മരുന്നെല്ലാം കൊടുത്ത് മാല പുറത്ത് വരുന്നതും പ്രതീക്ഷിച്ച്. എന്തായാലും എക്സ് റേയില്‍ തെളിഞ്ഞ കാര്യം ആലത്തൂര്‍ പൊലീസിന് കണ്ണിമ ചിമ്മാതെയുള്ള നിരീക്ഷണത്തിനുള്ള വക നല്‍കിയിരിക്കുകയാണ്. സ്വര്‍ണമായത് കൊണ്ട് വയറിനുള്ളില്‍ വച്ച് ദ്രവിച്ച് പോകാനുള്ള സാധ്യതയില്ലെന്നും നിശ്ചയം.