afan-mother-statement

വെഞ്ഞാറമൂട്ടില്‍ ബന്ധുക്കളും കാമുകിയും അടക്കം അഞ്ചുപേരെ കൊന്ന കേസിലെ പ്രതി അഫാന്‍ ലോണ്‍ ആപില്‍നിന്ന് പണം കടമെടുത്തിരുന്നെന്ന് അമ്മ ഷെമിന. അഫാന് ദിവസം 2000രൂപ വരെ ലോണ്‍ ആപില്‍ അടയ്ക്കണമായിരുന്നു. കയ്യിലുള്ളതെല്ലാം താന്‍ അഫാന് കൊടുത്തെന്നും പണം ഇല്ലാതായപ്പോളാണ് കുഞ്ഞുമ്മയോട്  ചോദിച്ചതെന്നും അഫാന്‍റെ അമ്മ. 

25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അഫാന്‍ ഫോണ്‍ആപ്പ് വഴി പൈസ എടുത്തിരുന്നു. എത്രരൂപ എടുത്തിരുന്നുവെന്ന് ചോദിച്ചിരുന്നില്ല. ഫോണില്‍ ഗെയിം കളിക്കുമായിരുന്നു. അതിനിടയില്‍ അവര് വിളിച്ച് പൈസ ചോദിച്ചിരുന്നു. ദിവസം 2000 രൂപ അടയ്ക്കണമായിരുന്നു. ഞാനാണ് പണം കൊടുത്തിരുന്നത്. എന്‍റെ കയ്യില്‍ ഇല്ലാതെ വന്നപ്പോള്‍ കുഞ്ഞുമ്മേടെ അടുത്ത് ചോദിച്ചിരുന്നു. അവര് തന്നില്ലെന്നും അഫാന്‍റെ അമ്മ പറഞ്ഞു. 

കൊലപാതകങ്ങൾ നടന്നതിന്‍റെ തലേദിവസം അഫാനും ഷെമീനയും കൂടി തട്ടത്തുമലയിലുള്ള ബന്ധുവിന്‍റെ വീട്ടിലെത്തി 50,000 രൂപ കടം ചോദിച്ചു. പണം നൽകാതിരുന്ന അവർ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം കേണപേക്ഷിച്ചിട്ടും പണം നൽകിയില്ല. പിറ്റേ ദിവസം ഫോൺ വിളിച്ചും പണം ചോദിച്ചു. അപ്പോഴും നിരസിച്ചു. ഇതോടെയാണ് അഫാൻ തന്നെ ആക്രമിച്ച് കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്നാണ് ഷെമീനയുടെ മൊഴി.

കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്കേറ്റതെന്ന് ഇതുവരെ പറഞ്ഞിരുന്ന ഷെമീന ആദ്യമായാണ് അഫാൻ ആക്രമിച്ചെന്ന് സമ്മതിക്കുന്നത്. അമ്മ ക്ഷമിക്കണമെന്ന് പറഞ്ഞ ശേഷം കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിക്കുകയായിരുന്നുവെന്നാണ് മൊഴി. കുടുംബം കൂട്ട ആത്മഹത്യക്ക് ആലോചിച്ചിരുന്നുവെന്നും ഇളയ മകനൊപ്പം ആത്മഹത്യാ വിഡിയോകൾ കണ്ടിരുന്നുവെന്നും ഷെമീന പറഞ്ഞു.