കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ രാത്രി ഹോട്ടല്‍ മുറിയെടുത്ത് നാലു പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങി. ഇവര്‍ക്കൊപ്പം രാസലഹരിക്കടത്ത് കേസിലെ പ്രധാന പ്രതി തൃശൂര്‍ മനക്കൊടി സ്വദേശി ആല്‍വിനുണ്ടായിരുന്നു. ഇരുപത്തിയൊന്നുകാരന്‍. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാന്‍ ബെംഗളൂരുവില്‍ പോയി രാസലഹരി ഉപയോഗത്തിനടിപ്പെട്ട് ലഹരിക്കച്ചവടക്കാരനായി മാറിയ യുവാവ്. തൃശൂര്‍ നെടുപുഴയില്‍ വാടകവീട്ടില്‍ എം.ഡി.എം.എ തൂക്കിവിറ്റതിന് പിടിക്കപ്പെട്ടു. റിമാന്‍ഡിലായി. കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് ബംഗ്ലുരുവിലെ ലഹരിക്കടത്തിന്‍റെ ഉറവിടം തേടി യാത്ര പുറപ്പെട്ടതായിരുന്നു.
കാല്‍ കട്ടിലില്‍ വിലങ്ങുമായി ബന്ധിച്ചു
മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കട്ടിലിനു താഴെ അകമ്പടിയായി കിടന്നുറങ്ങുന്നു. ആല്‍വിന്‍റെ കാല്‍ കട്ടിലിന്‍റെ കാലില്‍ വിലങ്ങുമായി ബന്ധിച്ചിട്ടുണ്ട്. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറക്കംപിടിച്ചു. തൊട്ടടുത്ത മുറിയില്‍ ഇന്‍സ്പെക്ടര്‍ താമസിക്കുന്നുണ്ട്. എന്തോ ബഹളംകേട്ടുണര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കാലിയായ കട്ടില്‍ കണ്ടു. എന്തു ചെയ്യണമെന്നറിയാതെ പകച്ച നിമിഷം. ജനല്‍ തുറന്ന് നോക്കുമ്പോള്‍ പൈപ്പിലൂടെ ഊഴ്ന്നിറങ്ങുന്ന പ്രതി. ബഹളംവച്ച് താഴെ എത്തുമ്പോഴേക്കും ആല്‍വിന്‍ രക്ഷപ്പെട്ടിരുന്നു. പ്രതിയെ കുടുക്കാന്‍ പൊലീസ് പരക്കംപാഞ്ഞു. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമായി. ഇന്‍സ്പെക്ടര്‍ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. സസ്പെന്‍ഷന്‍ ഉറപ്പ്.
വേഗം പിടിക്കണം, സമയമില്ല
തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ എ.സി.പി.: സലീഷ് എന്‍ ശങ്കരനോട് നിര്‍ദ്ദേശം നല്‍കി. എത്രയും വേഗം പിടിക്കണം. ഇല്ലെങ്കില്‍ നടപടി വരും. കൂടുതല്‍ ഫോഴ്സിനെ ഉപയോഗിക്കാം. കര്‍ണാടകയിലും തമിഴ്നാട്ടിലുമുള്ള ഐ.പി.എസുകാരായ കൂട്ടുകാരോട് ഇളങ്കോ സഹായം തേടി. അവരും അവിടെ തിരച്ചില്‍ തുടങ്ങി. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസും ഉണര്‍ന്നു. ആല്‍വിന്‍റെ വീട്ടുകാരുടെ നമ്പറുകള്‍ ഇന്‍റര്‍സെപ്ഷനിലിട്ടു. ആരൊക്കെ വിളിക്കുന്നുവെന്ന് അറിയാന്‍. ബെംഗളൂരുവില്‍ നിന്ന് വന്ന കോളുകള്‍ പരിശോധിച്ച് പൊലീസ് അവിടെ എത്തി. സെക്യൂരിറ്റി ജീവനക്കാരന്‍റെ നമ്പറായിരുന്നു. പിന്നെ, മുറുക്കാന്‍ കടക്കാരന്‍. പിന്നെ, ബേക്കറിക്കട ഉടമ... ഇങ്ങനെ പല നമ്പറുകളില്‍ നിന്നായി ആല്‍വിന്‍ ബന്ധുക്കളെ വിളിച്ച് ഗൂഗിള്‍ പേ ചെയ്യിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഓരോ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. എങ്ങനെയായിരുന്നു ഒളിച്ചോട്ടം. ആല്‍വിന്‍ പൊലീസിനോട് പറഞ്ഞ കഥയിങ്ങനെ.
ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്തി
ബന്ധുവും രണ്ടു സുഹൃത്തുക്കളും ബെംഗളൂരുവിലേക്ക് ബൈക്ക് ഓടിച്ചു പോയി ആല്‍വിനെ തൃശൂരിലേക്ക് കൊണ്ടുവന്നു. വഴിമധ്യേ, കോയമ്പത്തൂരില്‍ പൊലീസ് തടഞ്ഞ് ബൈക്ക് പരിശോധിച്ചു. പക്ഷേ, തമിഴ്നാട് പൊലീസിന് അറിയില്ലല്ലോ. ഇത് കേരള പൊലീസ് തിരയുന്ന പ്രതിയാണെന്ന്. പിന്നെ, തൃപ്രയാറില്‍ സുഹൃത്തിന്‍റെ വീട്ടില്‍. അവിടേയ്ക്കും പൊലീസ് എത്തി. തലനാരിഴയ്ക്കു അവിടെ നിന്ന് പ്രതി രക്ഷപ്പെട്ടു. പിന്നെ, കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം തങ്ങി. എടവണ്ണപ്പാറയില്‍ തങ്ങി. പലിയിടത്തായി ഒളിച്ചോട്ടം തുടര്‍ന്നു. വീട്ടുകാരെ ഫോണില്‍ വിളിക്കുന്നതെല്ലാം വഴിയാത്രക്കാരുടെ ഫോണുകളില്‍ നിന്നായിരുന്നു. എല്ലാ നമ്പറും തിരഞ്ഞുപിടിച്ച് പൊലീസ് എത്തുമ്പോള്‍ ആല്‍വിനെ കാണാനില്ല.
മുറുക്കാന്‍ കടക്കാരനെ തേടി വന്നു
പൊന്നാനിയില്‍ മുറുക്കാന്‍ കടക്കാരന്‍റെ ഫോണില്‍ നിന്ന് തുടര്‍ച്ചയായി രണ്ടു ദിവസം വീട്ടുകാര്‍ക്ക് ആല്‍വിന്‍റെ കോള്‍ വന്നു. പൊലീസ് ഈ കടയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ഏതുസമയത്തും കട കാണാന്‍ കഴിയാവുന്ന രീതിയില്‍ മാറി നിന്നു. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവ് കടയില്‍ കയറി. പൊലീസ് വളഞ്ഞിട്ട് പിടികൂടി. പത്തു ദിവസം. 240 മണിക്കൂര്‍ പൊലീസ് തിരഞ്ഞ ആ പ്രതി ഇതാണ് പിടിക്കപ്പെട്ടിരിക്കുന്നു. തൃശൂര്‍ എ.സി.പി സലീഷ് എന്‍ ശങ്കരന്‍, പൊലീസ് ഉദ്യോഗസ്ഥരായ പി.ഹരീഷ്കുമാര്‍, വി.ബി.ദീപക്, ഈ മൂന്നു പേരും അടങ്ങിയ സംഘത്തിന്‍റെ മിടുക്കിലാണ് ആല്‍വിന്‍ പിടിക്കപ്പെട്ടത്.
സസ്പെന്‍ഷന്‍ ഒഴിവായി
തൃശൂര്‍ നെടുപുഴ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനി സമാധാനിക്കാം. പണി പോകില്ല. സഹപ്രവര്‍ത്തകരുടെ ജോലി കൂടി സംരക്ഷിക്കാന്‍ ആല്‍വിന്‍റെ അറസ്റ്റോടെ കഴിഞ്ഞു.