തൃശൂർ നാട്ടികയിലെ ജനതാദൾ(യു) നേതാവായിരുന്ന പി.ജി.ദീപക്കിന്‍റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവ്. വിചാരണ കോടതി വെറുതേവിട്ട പ്രതികളെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. പാർട്ടി മാറിയതിനുള്ള വൈരാഗ്യത്തിനാണ് പ്രതികൾ ദീപക്കിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു കേസ്.
സംസ്ഥാന സർക്കാരും, കൊല്ലപ്പെട്ട ദീപക്കിന്‍റെ ഭാര്യയും നൽകിയ അപ്പീലുകളിലാണ് വിചാരണ കോടതി വെറുതെവിട്ട അഞ്ചുപ്രതികളെ ഹൈക്കോടതി ശിക്ഷിച്ചത്. ഋഷികേശ്, നിജിൻ, പ്രശാന്ത്, രശാന്ത്, ബ്രഷ്ണേവ് എന്നിവർക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. ഇവർ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴത്തുക കൊല്ലപ്പെട്ട ദീപക്കിന്‍റെ ഭാര്യയ്ക്ക് കൈമാറാനും ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
നിജിൻ, രശാന്ത്, ബ്രഷ്ണേവ് എന്നിവരെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. അന്തിക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന താന്ന്യം കുറ്റിക്കാട്ട് ആദർശിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ നിജിനും, ബ്രഷ്ണേവും നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഒന്നാംപ്രതി ഋഷികേശ്, മൂന്നാം പ്രതി പ്രശാന്ത് എന്നിവർ നിലവിൽ വിദേശത്താണ്. ഇവർക്കായി പൊലീസ് ഉടൻ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.
2015 മാർച്ച് 24നായിരുന്നു ജെഡി(യു) സംസ്ഥാന കൗൺസിൽ അംഗവും നാട്ടിക നിയോജക മണ്ഡലം പ്രസിഡന്‍റുമായ പി.ജി. ദീപക്കിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി എട്ടരയോടെ റേഷൻകട പൂട്ടിയിറങ്ങുമ്പോഴായിരുന്നു ആക്രമണം. മുൻപ് ബിജെപിയിൽ പ്രവർത്തിച്ചിരുന്ന ദീപക് പാർട്ടി മാറിയതിൽ പ്രതികൾക്ക് വിരോധമുണ്ടായിരുന്നു. ആക്രമണത്തിനായി കാറിലെത്തിയ അഞ്ചുപേരെയാണ് കുറ്റക്കാരായി ഹൈക്കോടതി കണ്ടെത്തിയത്. പ്രതികളാണ് കൊലപാതകം ചെയ്തത് എന്നു തെളിയിക്കാൻ