രാജസ്ഥാനിലെ ജയ്പൂരില്‍ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി കോണ്‍ഗ്രസ് നേതാവ്. ജയ്പൂര്‍ സിറ്റി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ഉസ്മാന്‍ ഖാന്‍ ഓടിച്ച കാറിടിച്ച് മൂന്നുപേരാണ് മരിച്ചത്. പ്രതിഷേധത്തിനൊടുവില്‍ ഉസ്മാന്‍ ഖാനെ കോണ്‍ഗ്രസ് പുറത്താക്കി.
ജയ്പൂര്‍ നഹര്‍ഗഡിലാണ് മദ്യപിച്ചശേഷം കോണ്‍ഗ്രസ് നേതാവ് കാറുമായി റോഡിലേക്ക് ഇറങ്ങിയത്. കണ്ണില്‍കണ്ടതെല്ലാം ഇടിച്ചുതെറിപ്പിച്ച് ഉസ്മാന്‍ ഖാന്‍റെ കാര്‍ മുന്നോട്ട് പോയപ്പോള്‍ ജീവന്‍ നഷ്ടമായത് മൂന്നുപേര്‍ക്ക്. എട്ട് പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില അതീവ ഗുരുതരമാണ്.
കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയുമാണ് ഉസ്മാന്‍റെ കാര്‍ ഇടിച്ചിട്ടത്. നഹര്‍ഗഡ് പൊലീസ് സ്റ്റേഷന് മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ക്കും കേടുപാടുകള്‍ പറ്റി. ഒടുവില്‍ നാട്ടുകാര്‍ തന്നെയാണ് ഉസ്മാനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മരിച്ചവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും ഉസ്മാനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നഹര്‍ഗഡിലല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 62കാരന്‍ ഉസ്മാന്‍ ഖാന്‍ ജയ്പൂരിലെ കോണ്‍ഗ്രസിന്‍റെ ജില്ലാ നേതാവാണ്.