കോട്ടയത്ത് ആറു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ സ്വദേശി സന്യാസി ഗൗഡയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്. കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്യാസി ഗൗഡ.
ആർ.പി എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയായ സന്യാസി ഗൗഡ എന്ന 32 കാരൻ പിടിയിലായത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് ഇറക്കുമതി വർധിച്ചതായ വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പ്രതിക്കായി വല വിരിച്ചത്. ഒടുവിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ കഞ്ചാവ് സഹിതം സന്യാസി ഗൗഡയെ പിടികൂടി.
വിവാഹമാണെന്നും, പണം കൂടുതൽ ആവശ്യമുളളതു കൊണ്ടാണ് കഞ്ചാവ് കടത്തിയത് എന്നും പ്രതി എക്സൈസിനോട് പറഞ്ഞു. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗം കോട്ടയത്ത് എത്തിച്ച കഞ്ചാവ് കൈമാറ്റം ചെയ്യാൻ ആളെ കാത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.