സുരക്ഷാ ജീവനക്കാരുടെ വേഷത്തിലെത്തി മോഷണം നടത്തുന്ന നേപ്പാളി സംഘം ബെംഗളൂരുവില്‍ അറസ്റ്റില്‍. നഗരത്തിലെ തലഘട്ടപ്പുരയിലെ വീട് കുത്തിത്തുറന്നു കൊള്ളടയിച്ച കേസിന്റെ അന്വേഷണത്തിലാണു വന്‍ സംഘം പിടിയിലായത്.
തലഘട്ടപ്പുരയിലെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അമ്പത് ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും മോഷണം പോയതു കഴിഞ്ഞ ശനിയാഴ്ചയാണു. സിസിടിവി ക്യാമറകളില്‍ ഒന്നും പെടാതെ ആസൂത്രിതമായി നടത്തിയ മോഷണം പൊലീസിനു വലിയ തലവേദനയാണുണ്ടാക്കിയിരുന്നത്. വീടിരിക്കുന്ന സ്ട്രീറ്റിന്റെ തുടക്കത്തിലുള്ള നിരീക്ഷണ ക്യാമറയില്‍ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ സ്വദേശി പതിഞ്ഞത് കണ്ടെത്തിയതാണു വന്‍ കവര്‍ച്ച സംഘത്തിലേക്കെത്തിച്ചത്.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചംഗ സംഘത്തെ പിടികൂടി. 502 ഗ്രാം സ്വര്‍ണം, നാലര കിലോ വെള്ളി, മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരുടെ കനക് പുര റോഡിലെ താമസ സ്ഥലത്തു നിന്നും കണ്ടെടുത്തു. സുരക്ഷാ ജീവനക്കാരെന്ന വ്യാജേനെ ഓരോ പ്രദേശത്തുമെത്തി ആളൊഴിഞ്ഞ വീടുകള്‍ പകല്‍ സമയങ്ങളില്‍ കണ്ടുവച്ചായിരുന്നു ഇവരുടെ കവര്‍ച്ച. സുരക്ഷ ജീവനക്കാരുടെ യൂണിഫോമിലായിരുന്നതിനാല്‍ ആരും സംശയിക്കില്ലെന്നതും സംഘം മുതലെടുത്തു. ഇവര്‍ നഗരത്തില്‍ നടത്തിയ മറ്റു കവര്‍ച്ചകളും കണ്ടെത്താനുള്ള ശ്രമത്തിലാണു ബെംഗളുരു പൊലീസ്