ആലപ്പുഴ കരുമാടിയിൽ വീടിന് സമീപത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് വിമുക്തഭടനും സഹോദരനും ക്രൂര മർദ്ദനം. തകഴി സ്വദേശി ഹരികുമാറിനും സഹോദരൻ ഗണേഷ്കുമാറിനുമാണ് മർദ്ദനമേറ്റത്. ഇരുവരെയും മർദ്ദിച്ച ശേഷം സ്വർണമാലയും മൊബൈൽഫോണും അക്രമിസംഘം അപഹരിച്ചു.യുവതി അടക്കമുള്ള നാലംഗ സംഘമാണ് മർദ്ദിച്ചത്
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കരുമാടി ജംഗ്ഷന് സമീപമായിരുന്നു സഹോദരങ്ങൾക്ക് മർദ്ദനമേറ്റത്. വിമുക്ത ഭടനായ ഹരികുമാറും സഹോദരനും ബിജെപി മുൻ പഞ്ചായത്തംഗവുമായ ഗണേഷ് കുമാറുമാണ് മർദനത്തിന് ഇരയായത്.
കാറിൽ കുടുംബസമേതം ആലപ്പുഴയിൽ പോയി സിനിമ കണ്ട് മടങ്ങിവരുമ്പോൾ വീടിന് സമീപം യുവതി അടക്കം നാല് പേർ റോഡിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നത് കണ്ടു.
കാറ് വീട്ടിൽ ഇട്ട ശേഷം തിരികെ വന്ന് റോഡിൽ ഇരുന്നുള്ള മദ്യപാനത്തെ ഇരുവരും ചോദ്യം ചെയ്തു. ഇതോടെ മദ്യപസംഘം ഇവരെ മർദിക്കുകയായിരുന്നു .കരിങ്കൽ ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കും മുഖത്തും ഇടിച്ചു.നിലത്ത് വീണ ഗണേശിന്‍റെ മാലയും മൊബൈൽ ഫോണും അക്രമിസംഘം തട്ടി എടുത്തു. പരുക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.