ആലപ്പുഴയിൽ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അറസ്റ്റിലായ സുൽത്താൻ അക്ബർ അലിക്ക് രാജ്യാന്തര ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധം. സിനിമ മേഖലയുമായി ബന്ധമുള്ളത് നേരത്തെ പിടിയിലായ ഇയാളുടെ ഭാര്യ തസ്ലീമ സുൽത്താനയ്ക്ക് മാത്രമെന്നും എക്സൈസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷം മാത്രമേ സിനിമ താരങ്ങൾക്ക് നോട്ടിസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടാൽ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും പ്രതി ചേര്‍ക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.
ആലപ്പുഴയിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ആന്ധ്ര തമിഴ് നാട് ബോർഡറിൽ നിന്നാണ് തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി അറസ്റ്റിൽ ആയത്. തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുൽത്താൻ ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു. കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ ഇന്ത്യയിലേക്ക് കടത്തുന്ന ആളാണ് സുൽത്താൻ അക്ബർ അലി . എണ്ണൂരിൽ ക്രിമിനൽ സംഘങ്ങൾ താവളമടിക്കുന്ന പ്രദേശത്ത് നിന്നാണ് ഒളിവിൽ കഴിയവേ സുൽത്താൻ പിടിയിൽ ആയത്. സിനിമാതാരങ്ങളുമായുള്ള ബന്ധം തസ്ലീമയ്ക്ക് മാത്രമാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ താരങ്ങൾ ക്ക് നോട്ടീസ് അയക്കൂ എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ അറിയിച്ചു.
കേസിലെ മൂന്നാം പ്രതിയാണ് സുൽത്താൻ അക്ബർ അലി. രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചെന്നൈയിൽ എത്തി ഊരു മൂപ്പന്‍റെ സഹായത്തോടെ ഇയാളുടെ താവളം തിരിച്ചറിഞ്ഞത്. നേരത്തെ പിടിയിലായ തസ്ലീമ , ഫിറോസ് എന്നിവരെയും സുൽത്താൻ അക്ബർ അലിയെയും കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.