കോട്ടയം എരുമേലിയിൽ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടതില്‍ മരണം മൂന്നായി. ഗൃഹനാഥനായ സത്യപാലനും മകൾ അഞ്ജലിയുമാണ് ഒടുവിൽ മരിച്ചത്. സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഒരു മകന്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ്
ഉച്ചയ്ക്ക് 12:30 യോടെയാണ് എരുമേലി ശ്രീനിപുരത്തെ സത്യപാലന്റെ വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിൽ ഉണ്ടായിരുന്നവരുടെ ബഹളം കേട്ടതോടെ നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തീ ആളിപ്പടർന്നതോടെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.സത്യപാലനെയും മക്കളായ അഞ്ജലിയെയും ഉണ്ണിക്കുട്ടനെയും ഗുരുതരപരക്കുകളോടെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സീതമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സത്യപാലൻ ഭാര്യയും മക്കളെയും തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സത്യപാലൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. മകൾക്ക് വന്ന വിവാഹാലോചന സംബന്ധിച്ച് ഉച്ചയോടെ സത്യപാലനും സീതമ്മയും തമ്മിൽ തർക്കം ഉണ്ടായതായി പരിസരവാസികൾ പറയുന്നുണ്ട്. ഈ തർക്കമാണ് സത്യപാലൻ കുടുംബത്തെ തീയിടാൻ കാരണമെന്നാണ് സൂചന.