മാള കുഴൂരില് ആറുവയസുകാരനെ ശ്വാസംമുട്ടിച്ച് കുളത്തില്‍ ചവിട്ടിതാഴ്ത്തിയ കൊലയാളി ജോജോയ്ക്കു നേരെ പാഞ്ഞടുത്ത് നാട്ടുകാര്‍. പൊലീസിന്റെ കസ്റ്റഡിയില്‍വച്ചുതന്നെ കൊലയാളിയെ കൈകാര്യം ചെയ്യാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ ഏറെപണിപ്പെട്ടാണ് തടഞ്ഞത്. ജനവികാരം കൊലയാളി ജോജോയെ പൊതുജനമധ്യത്തില്‍ കൈകാര്യം ചെയ്യണമെന്നായിരുന്നു. ഒരു നിമിഷ നേരത്തേയ്ക്കു നിയമബോധം നഷ്ടപ്പെട്ട നാട്ടുകാരെയാണ് കുഴൂരില് കണ്ടത്.
നാട്ടുകാരുടെ മനസ് അത്രയ്ക്കേറെ മുറിവേറ്റിരുന്നു. വീടിന്റെ മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടിയെ കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാമെന്ന് മോഹിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. ജാതിത്തോട്ടത്തിലൂടെ മുന്നൂറു മീറ്റര്‍ നടന്നാണ് കുളത്തിനു സമീപത്ത് എത്തിയത്. ലൈംഗിക വൈകൃതത്തിനു വഴങ്ങാതെ വന്നപ്പോള്‍ ശ്വാസംമുട്ടിച്ചു. അവശനായപ്പോള്‍ കുളത്തില്‍ തള്ളിയിട്ടു. നീന്തി വീണ്ടും കരയ്ക്കു വന്നപ്പോള്‍ മൂന്നു തവണ കുട്ടിയെ ചവിട്ടി താഴ്ത്തി. മൃതദേഹം മുങ്ങിയെടുത്ത ബന്ധുവിന് ആ സന്ദര്‍ഭം വിവരിക്കുമ്പോള്‍ കരച്ചിലടക്കാന്‍ കഴിയുന്നില്ല.
കുട്ടിയുടെ അച്ഛന് വിദേശത്തു നിന്ന് വിവമരറിഞ്ഞെത്തി. ആശുപത്രി മോര്‍ച്ചറയില്‍ പ്രിയപ്പെട്ട മകന്റെ ചേതനയറ്റ ശരീരം കണ്ട് അച്ഛന് നെഞ്ചുപിടഞ്ഞ് കരഞ്ഞു. ക്രൂരനായിരുന്നു കൊലയാളി ജോജോ. ഇരുപതു വയസുകാരന്. ചെറുപ്പക്കാലം തൊട്ടെ അസ്വാഭാവിക പ്രകൃതമായിരുന്നു. ബൈക്ക് മോഷ്ടിച്ചതിന് പിടിക്കപ്പെട്ടു. കാക്കനാട്ടെ കറക്ഷൻ ഹോമിൽ ആറു മാസം തടങ്കലിൽ കഴിഞ്ഞു. ജാമ്യം കിട്ടി പുറത്തിറങ്ങി മദ്യപിച്ച് ഉല്ലസിച്ച് നടന്നു. കൂലിപ്പണിയ്ക്കു പോകും. കിട്ടുന്ന കാശിന് മദ്യപാനവും ഭക്ഷണം കഴിക്കലും. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തിൻ്റെ പക്കൽ നിന്ന് ആയിരം രൂപ കടം വാങ്ങിയിരുന്നു.