എറണാകുളം മഹാരാജാസ് കോളജിലേക്ക് അഭിഭാഷകർ കുപ്പിയേറ് നടത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ സെൻട്രൽ പൊലീസില്‍ പരാതി നൽകി. കുപ്പിയെറിഞ്ഞതിനെ തുടർന്ന് ചില്ലുകൾ തെറിച്ച് വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് പരാതിയിൽ പറയുന്നത്. അഭിഭാഷകരിൽനിന്ന് കോളജിനെതിരെ ഉണ്ടായ ആക്രമണം ഏതുരീതിയിലും ചെറുക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ആഷിഷ് ആനന്ദ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോടതി വളപ്പിൽ അഭിഭാഷകർ സംഘമായി നിന്ന് മദ്യകുപ്പികളും, കല്ലും ക്ലാസ് മുറിയിലേയ്ക്കുൾപ്പെടെ ഏറിഞ്ഞത്. കോളളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ദേഹത്താണ് ഇവ വീണതെന്ന് വിദ്യാർഥികൾ പറഞ്ഞു.
കഴിഞ്ഞ രാത്രി വിദ്യാർഥികളും അഭിഭാഷകരും തമ്മില്‍ നഗരത്തിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായാണ് അക്രമം. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 24 പേർക്കു പരുക്കേറ്റു. അക്രമം തടയാൻ എത്തിയ 2 പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാല്‍ വിദ്യാര്‍ഥികളാണ് ആദ്യം കല്ലെറിഞ്ഞതെന്ന് അഭിഭാഷകര്‍ ആരോപിച്ചു. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടയായിരുന്നു കൂട്ടയടി. ബെൽറ്റ്, കമ്പിവടി, ബിയർ ബോട്ടിൽ, കസേര എന്നിവ കൊണ്ടൊക്കെയായിരുന്നു ആക്രമണം. സംഘർഷം മണിക്കൂറുകളോളം നീണ്ടു. വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയിലേക്കു വിദ്യാര്‍ഥികള്‍ അതിക്രമിച്ച് കയറിയെന്നാണ് അഭിഭാഷകരുടെ വാദം. ഭക്ഷണം കഴിച്ചതിന് പുറമെ, വനിതാ അഭിഭാഷകരോട് വിദ്യാർഥികൾ അപമര്യാദയായി പെരുമാറിയെന്നും അഭിഭാഷകര്‍ പറഞ്ഞു.
മഹാരാജാസ് കോളജിലെ പെൺകുട്ടികളോട് അഭിഭാഷകർ മോശമായി പെരുമാറിയെന്നും, അംഗപരിമിതനായ വിദ്യാര്‍ഥിയെ വളഞ്ഞിതല്ലിയെന്നുമാണ് വിദ്യാര്‍ഥികളുടെ മറുവാദം. സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. മഹാരാജാസ് കോളജും, കോടതി പരിസരവും സംഘർഷത്തെ തുടർന്ന് കനത്ത പൊലീസ് കാവലിൽ ആണ്.