AI Image

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ യുവതി കെട്ടിച്ചമച്ച കഥയില്‍ ഞെട്ടിയിരിക്കുകയാണ് യുപി പൊലീസ്. ബറേലിയില്‍ നിന്നുള്ള നാല്‍പതുകാരിയാണ് തന്നെ ഒരുസംഘം തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്തുവെന്നും എതിര്‍ത്തതോടെ നെഞ്ചില്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും പരാതിയുമായി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് കള്ളക്കളി പൊളിച്ചത്. 

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ കുപിതയായ സ്ത്രീയാണ് ബറേലി മേയര്‍ക്കും മകനുമെതിരെ കൂട്ടബലാല്‍സംഗ പരാതിയും തട്ടിക്കൊണ്ടുപോകല്‍ നാടകവും കെട്ടിച്ചമച്ചത്. കഥയ്ക്ക് ബലം കിട്ടാന്‍ ആശുപത്രിയില്‍ പോയി യുവതി അഡ്മിറ്റാവുകയും ചെയ്തു. ആളുകള്‍ നോക്കി നില്‍ക്കെ അഞ്ചംഗ സംഗം തന്നെ തട്ടിക്കൊണ്ടുപോയെന്നും കാറിനുള്ളിലിട്ട് ബലാല്‍സംഗം ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍  പറയുന്നു. തുടര്‍ന്ന് നെഞ്ചിലേക്ക് നിറയൊഴിച്ച ശേഷം മൃതപ്രാണയാക്കി കടന്നുകളഞ്ഞുവെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം.ബറേലി മേയര്‍ ഡോ. ഉമേഷ് ഗൗതത്തെയും മകന്‍ പാര്‍ഥ് ഗൗതത്തെയും  തനിക്ക് സംശയമുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. 

 കാറിലിട്ട് തന്നെ പീഡിപ്പിക്കുന്നതിനിടയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളിലൊരാള്‍ പാര്‍ഥിനെ വിളിച്ചു.  ' അവളെ തീര്‍ത്തേക്ക്, എന്‍റെ അച്ഛന് തലവേദനയുണ്ടാക്കുന്നവളാണെന്ന്' അയാള്‍ പറയുന്നത് താന്‍ കേട്ടു.  ഇതോടെ വണ്ടിയില്‍ നിന്നും തന്നെ വലിച്ചെറിഞ്ഞെന്നും യുവതി പൊലീസിന് മൊഴിനല്‍കി.

വിശദമായ പരാതി ലഭിച്ചതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. പീഡിപ്പിക്കപ്പെട്ടതായി പറയുന്ന സമയത്ത് യുവതി ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ വന്നിറങ്ങുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ചീട്ടുകൊട്ടാരം പോലെ കള്ളക്കഥ പൊളിയാന്‍ തുടങ്ങി. വെടിമരുന്നിന്‍റെ അംശം യുവതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്താനായില്ല. മാത്രവുമല്ല, നെഞ്ചിലേക്ക് അത്തരത്തില്‍ വെടിയുണ്ട തറച്ച് കയറുകയുമില്ലെന്നും വിദഗ്ധ ഡോക്ടര്‍മാരും മൊഴി നല്‍കി. കൂടുതല്‍ അന്വേഷിച്ചതോടെ, ആശുപത്രിയിലെ ജീവനക്കാരെ സ്വാധീനിച്ച് 2500 ബുള്ളറ്റ് സംഘടിപ്പിച്ചു. പിന്നാലെ ഹാജിപുറിലെത്തി 2500 രൂപ നല്‍കി ബുള്ളറ്റ് നെഞ്ചില്‍ ശസ്ത്രക്രിയയിലൂടെ കയറ്റുകയും ചെയ്തു.

ഇത് രണ്ടാം തവണയാണ് മേയര്‍ക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തുന്നത്. അന്നും പീഡനപരാതിയുമായി എത്തിയെങ്കിലും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ പരാതി പിന്‍വലിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ENGLISH SUMMARY:

A 40-year-old woman in Bareilly was arrested after filing a false gangrape and abduction case to settle personal scores. Shockingly, she underwent surgery to insert a bullet into her chest to support her claims. The truth emerged through the medical report.